ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം ഘാനയ്ക്ക്. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഘാന കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 39-ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇടത് വിങ്ങില്‍ നിന്ന് ലഭിച്ച പന്താണ് മനോഹരമായ നീക്കത്തിലൂടെ സാദിഖ് ഗോള്‍ വലയില്‍ എത്തിച്ചത്.
മറ്റൊരു മത്സരത്തില്‍ തുര്‍ക്കിയെ ന്യൂസിലന്‍ഡ് സമനിലയില്‍ തളച്ചു. അഹമ്മദ് കുറ്റുസുവിലൂടെ പതിനെട്ടാം മിനിറ്റില്‍ തുര്‍ക്കി ലീഡ് നേടിയിരുന്നു. 58-ാം മിനിറ്റില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മാക്സ് മാട്ടയാണ് സമനില ഗോള്‍ മടക്കിയത്. സമനില ഗോള്‍ മടക്കിയതിന് പിന്നാലെ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് മാട്ട പുറത്ത് പോയി.
ഗ്രൂപ്പ് എയില്‍ യു.എസ്.എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇലവനില്‍ മലയാളി താരം കെ.പി രാഹുല്‍ ഇടം നേടി. ഇത് ആദ്യമായാണ് ഒരു മലയാളി ലോകകപ്പ് ഫുട്ബോളില്‍ ബൂട്ടണിയുന്നത്. തൃശൂര്‍ സ്വദേശിയാണ് രാഹുല്‍.
ആദ്യമായി ലോകകപ്പിന് ബൂട്ടണിയുന്ന ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സച്ചിന് തെന്‍ഡുല്‍ക്കറും ആശംസകള്‍ നേര്‍ന്നു.






