
കാസർഗോഡ്: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിനായി തമിഴകത്തിന്റെ പ്രിയനേതാവ് വിജയ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം ക്ഷേത്രസന്നിധിയിൽ ദർശനം നടത്തിയത്. മുൻപും പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് മൂകാംബികയിലെത്തുന്നത്. ദേവിക്ക് വഴിപാടായി 1.6 കിലോഗ്രാം തൂക്കം വരുന്ന വെള്ളിവാളും അദ്ദേഹം സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തമിഴ്നാട്, കർണാടക പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ് യാത്ര ക്രമീകരിച്ചിരുന്നത്. ഉദ്യോഗസ്ഥർ അതീവ ജാഗ്രതയോടെയുള്ള സുരക്ഷാ സന്നാഹമാണ് യാത്രയിൽ ഉടനീളം നടത്തിയിരുന്നത്. ഉച്ചപൂജയ്ക്ക് ശേഷം വൈകുന്നേരം 3.30 മണിക്കാണ് ക്ഷേത്രദർശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ വിജയിയെ തന്ത്രിയുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ബോർഡിലെ പ്രധാന ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. ദേവിയെ ഭക്തിപൂർവ്വം ദർശിച്ച ശേഷം സവിശേഷമായ 'സങ്കല്പ ദീപാരാധന' എന്ന പൂജയിലും വിജയ് പങ്കാളിയായി. ക്ഷേത്രത്തിൽ ഏതാണ്ട് 30 മിനിറ്റോളം ചിലവഴിച്ച അദ്ദേഹം വഴിപാട് വിവരങ്ങൾ മാധ്യമങ്ങളോട് സ്ഥിരീകരിച്ചത് ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ബാബു ഹെഗ്ഡെ ഉൾപ്പെടെയുള്ള ഭാരവാഹികളാണ്.പിന്നീട് ദേവസ്വം ഓഫീസിൽ എത്തിയ അദ്ദേഹം ട്രസ്റ്റ് ബോർഡ് അംഗങ്ങളും ദേവസ്വം ജീവനക്കാരുടെയും ഒന്നിച്ച് സമയം പങ്കിട്ട ശേഷമാണ് മംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചത്.
ചരിത്രം ആവർത്തിച്ച് തമിഴ് മണ്ണ്
തമിഴ്നാട് മുഖ്യമന്ത്രിമാരും മൂകാംബികാ ക്ഷേത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചരിത്രത്താളുകളിലേക്കാണ് വിജയ്യുടെ ഈ സന്ദർശനവും ചേർത്തുവെക്കപ്പെടുന്നത്. മുൻപ് തമിഴ്നാട് മുഖ്യമന്ത്രിമാരായിരുന്ന എം.ജി.ആറും ജയലളിതയും ഔദ്യോഗിക പദവിയിലിരിക്കെ കൊല്ലൂരിൽ ദർശനം നടത്തിയിരുന്നു. അന്ന് എം.ജി.ആർ ദേവിക്ക് സ്വർണ്ണവാളും, ജയലളിത രത്നകിരീടവുമാണ് അർപ്പിച്ചിരുന്നത്. ദർശനത്തിനിടെ എം.ജി.ആർ സമർപ്പിച്ച ആ സ്വർണ്ണവാൾ വിജയ് പ്രത്യേകമായി കണ്ട് വണങ്ങുകയും ചെയ്തു.
എയർപോർട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള യാത്രയിലുടനീളം തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. ആരാധകർ പൂക്കൾ വിതറിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് വിജയിയെ വരവേറ്റത്. കനത്ത സുരക്ഷ കാരണം മാധ്യമങ്ങൾക്ക് പുറത്തെ കോമ്പൗണ്ടിന് അപ്പുറം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും, ക്ഷേത്രത്തിനകത്തും തമിഴക വെട്രി കഴകം (ടിവികെ) പതാകകളുമായി നൂറുകണക്കിന് ആരാധകർ എത്തിച്ചേർന്നിരുന്നു.
ഉച്ചയ്ക്ക് രണ്ടുമണി മുതൽ തന്നെ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം അനുവദിച്ചിരുന്നില്ല.വിജയിയുടെ സന്ദർശനം കഴിഞ്ഞ് പിന്നീട് അഞ്ചുമണിയോടുകൂടിയാണ് പൊതുജനങ്ങൾക്ക് ക്ഷേത്ര ദർശനം സാധാരണരീതിയിൽ ആയത്.
ക്ഷേത്രദർശനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ എത്തി അല്പസമയം വിശ്രമിച്ച ശേഷം മംഗലാപുരം വിമാനത്താവളം വഴി വിജയ് ചെന്നൈയിലേക്ക് തിരിച്ചു.






