
പഞ്ച്കുല : ബലാത്സംഗക്കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിങിന്റെ ദേരാ സച്ചാ സൗദയില്‍ കൂട്ട ഷണ്ഡീകരണം നടത്തിയിരുന്നതായുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പോലീസ്. പഞ്ച്കുലയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിങിന്റെ അടുത്ത രണ്ട് സഹായികളെ ഷണ്ഡീകരിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
പഞ്ച്കുലയിലെ കലാപവുമായി ബന്ധപ്പെട്ട് ദേരാ സച്ച നിയമോപദേശകന് ധാന് സിങിനെയും ഗുര്‍മീതിന്റെ സഹായി രാകേഷ് കുമാറിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും വൃഷണം നീക്കം ചെയ്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചത്. വൃഷ്ണ നീക്കം നടത്തിയത് മറ്റാരുടെയെങ്കിലും നിര്ബന്ധത്തിലാണോ എന്ന് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക ആരോഗ്യ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മെഡിക്കല്‍ പരിശോധന തിങ്കളാഴ്ച ഉണ്ടാകും.
ഇതിനിടെ, ദേരാ സച്ചായില്‍ കൂട്ട ഷണ്ഡീകരണം നടന്നുവെന്ന ആരോപണവുമായി ആശ്രമത്തിലെ മുന്‍ അംഗം നവകിരണ്‍ സിങ് 2012 ല്‍ രംഗത്തെത്തിയിരുന്നു. ചുരുങ്ങിയത് 400 പേരെയെങ്കിലും ഇവിടെ ഷണ്ഡീകരിച്ചതായാണ് ഇദ്ദേഹത്തിന്റെ ആരോപണം. ദൈവവുമായി കൂടുതല്‍ അടുക്കാനാണ് ഷണ്ഡീകരണം നടത്തിയത് എന്നതായിരുന്നു വിശദീകരണം. ഇതില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്.






