
ബംഗളുരു: വഴിയിലെ ഗട്ടറില്‍ വീണ് പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതിന് പിതാവിനെതിരെ കേസ്. കുട്ടിയുടെ മരണത്തില്‍ പിതാവിനെതിരെ ശ്രദ്ധക്കുറവ് ആരോപിച്ചാണ് കേസെടുത്തത്. മണിപ്പാല്‍ പോലീസിന്റേതാണ് വിചിത്രമായ നടപടി. ഉമേഷ് പൂജാരി എന്ന യുവാവിനെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായ ഡ്രൈവിംഗിലൂടെ കുഞ്ഞിന്റെ മരണത്തിനിടയാക്കി എന്ന് ആരോപിച്ചാണ് കേസ് എടുത്തത്.
ഒക്ടോബര്‍ 2ന് മണിപ്പാലില്‍ നിന്ന് ഹിരിയദ്കയിലേക്ക് സകുടുംബം വരികെയാണ് അപകടമുണ്ടായത്. ഇതിനിടെ ബൈക്ക് ഗട്ടറില്‍ ചാടി ഉമേഷിന്റെ ഭാര്യയുടെ കയ്യിലിരുന്ന ഒന്നര വയസുകാരന് കുഴിയില്‍ വീണ് മരിക്കുകയായിരുന്നു. ദമ്പതികള്‍ ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. ദേശീയപാതയായി പദവി ഉയര്‍ത്തപ്പെട്ട നിരത്തിലാണ് അപകടമുണ്ടായത്. എന്നിട്ടും ഈ നിരത്തില്‍ നിറയെ കുഴികളാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ഉടുപ്പി-കര്‍ക്കല എന്നും അറിയപ്പെടുന്ന നിരത്തില്‍ പര്ക്കലയില് എത്തിയപ്പോഴാണ് അപകടമുണ്ടായത്. റോഡില്‍ കണ്ട വലിയ കുഴി ഒഴിവാക്കുന്നതിന് വാഹനം വെട്ടിച്ചപ്പോഴാണ് കുഞ്ഞ് താഴെ വീണത്. ദമ്പതികള്‍ക്ക് മകന് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിന് പിന്നാലെ വീണ്ടുമൊരു ആഘാതമായിരിക്കുകയാണ് പോലീസ് കേസ്. മകന്റെ മരണത്തില്‍ പരാതി നല്‍കാനെത്തിയ ഉമേഷിനെക്കൊണ്ട് പോലീസ് ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചിരുന്നു. ഇത് പിന്നീട് ഇയാള്‍ക്കെതിരായ പരാതിയാക്കി മാറ്റി കേസെടുക്കുകയായിരുന്നു.






