
ജയ്പൂര്‍: പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വരുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക പ്രിയ ജന്ഗീദിനെയാണ്. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിനി. പത്താം വയസ്സ് മുതല്‍ വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നു ഇവളെ. പതിനഞ്ചാം വയസ്സിലും താലിചാര്‍ത്താന്‍ തലകുനിച്ചുകൊടുക്കാതെ പോരാട്ടം തുടരുകയാണ് ഇവള്. തന്റെ നാട്ടില്‍ സര്‍വ്വസാധാരണമായ ശൈശവ വിവാഹത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് പ്രിയ നടത്തിവരുന്നത്.
നോബെല്‍ സമ്മാന ജേതാവ് കുടിയായ സാമൂഹ്യപ്രവര്‍ത്തകന്‍ കൈലാഷ് ചത്യതാര്ത്ഥിയുടെ ബച്പന്‍ ബചാവോ ആന്ദോളനുമായി ചേര്‍ന്നാണ് പ്രിയയുടെ പോരാട്ടം. താന്‍ ജീവിക്കുന്ന ഹിസ്ലയില് നിന്നും ബാല വിവാഹമെന്ന തിന്മയെ തതുടച്ചുനീക്കുകയാണ് പ്രിയയുടെ ലക്ഷ്യം. 2015ല്‍ സത്യാര്‍ത്ഥിക്കൊപ്പം യു.എസ് സന്ദര്‍ശിച്ച സംഘത്തിന്റെ ഭാഗമായിരുന്ന പ്രിയ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയും പത്നി മിഷേല്‍ ഒബാമയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ലോകമെങ്ങും പെണ്‍കുട്ടികളുടെ ദിനം ആചരിച്ച ഇന്നലെ തന്റെ നാട്ടില്‍ ഒരു പൊതുയോഗവും പ്രിയ വിളിച്ചുകൂട്ടി. 'ബാല വിവാഹം പാപമാണെന്നും പെണ്‍കുട്ടികള്‍ അനുഗ്രഹമാണെന്നും' പ്രിയ പറഞ്ഞു. യു.എസ് സന്ദര്‍ശനത്തോടെ താന്‍ പ്രശ്സതയായെന്നും അത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാണെന്നും ഈ പത്താം ക്ലാസുകാരി പറയുന്നു.
ഒരു ദിവസം സ്കൂള്‍ കഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് മൂത്ത സഹോദരിക്കൊപ്പം തന്റെയും വിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞത്. അപ്പോള്‍ പത്തുവയസ്സായിരുന്നു തനിക്ക് പ്രായം. വിവാഹത്തെ കുറിച്ചുള്ള ആശങ്കയല്ല അപ്പോള്‍ തന്നെ അലട്ടിയത്, നന്നായി ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ലെന്നുള്ളതായിരുന്നു. പിറ്റേന്ന് സ്കൂളിലെത്തി കൂട്ടുകാരേയും അധ്യാപകരെയും വിവാഹകാര്യം അറിയിച്ചു. അവരാണ് ബച്പന്‍ ബചാവോ ആന്ദോളന് പ്രവര്‍ത്തകരെ അറിയിച്ചത്. അവര്‍ സ്കൂളിലെത്തി മണിക്കൂറുകളോളം തങ്ങളുമായി നടത്തിയ സംസാരത്തിലാണ് ശൈശവ വിവാഹത്തിന്റെ ഭീകരത തനിക്ക് ബോധ്യപ്പെട്ടത്.
വീട്ടിലെത്തി പിതാവിനെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലൂം വിജയിച്ചില്ല. പിന്നെ മുത്തശ്ശിയെ കൂട്ടുപിടിച്ചായിരുന്നു നീക്കം. ഏറെ ദിവസത്തിനു ശേഷമാണ് പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതെന്നും പ്രിയ പറയുന്നു. വിവാഹത്തില്‍ നിന്ന് ധൈര്യപൂര്‍വ്വം പിന്മാറുമ്പോള് അവള് അറിഞ്ഞിരുന്നില്ല താന്‍ തുടക്കമിടുന്നത് മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റിനാണെന്ന്.






