
ന്യൂഡല്‍ഹി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സാമ്പത്തിക അഴിമതി പുറത്തു കൊണ്ടുവന്ന 'ദ വയര്‍' ന്യൂസ് പോര്‍ട്ടലിന് ജയ് ഷായുടെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, സിവില്‍ കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ദ വയര്‍ ന്യൂസ് പോര്‍ട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. കേസ് ദീപാവലിക്കു ശേഷം പരിഗണിക്കും.
വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലിന് എതിരെ 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് ജയ് ഷാ കോടതിയെ സമീപിച്ചിരിക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക രോഹിണി സിങ്, സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്, സിദ്ധാര്‍ത്ഥ് ഭാട്ടിയ, എം.കെ വേണു, മാനേജിങ് എഡിറ്റര്‍ മൊനോബിന ഗുപ്ത, പബ്ലിക് എഡിറ്റര്‍ പമേല ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയും മാനനഷ്ടകേസ് എടുക്കണമെന്നാണ് ആവശ്യം.
കേസില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതു വരെ യാതൊരു തരത്തിലുള്ള റിപ്പോര്‍ട്ടുകളോ ചര്‍ച്ചകളോ നല്‍കരുതെന്നാണ് 'ദ വയര്‍' പോര്‍ട്ടലിനോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.






