
ആകാംഷ നിറഞ്ഞ ആദ്യ ട്രെയിലറോടെ മോഹന്‍ലാലിന്റെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. മാത്യു മാഞ്ഞൂരാന് എന്ന റിട്ടേയ്ഡ് പോലീസ് ഓഫീസറുടെ കഥയാണ് ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന വില്ലന്‍. 27-ാം തീയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഇതിനിടെയാണ് ഉണ്ണികൃഷ്ണനെ തേടി സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ വിളിയെത്തിയത്. വില്ലന്‍ കാണാനുള്ള ആഗ്രഹം വ്യക്തമാക്കിയായിരുന്നു രജനികാന്തിന്റെ വിളി. വില്ലന്‍ കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടെന്ന് രജനി പറഞ്ഞപ്പോള്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് ഉണ്ണികൃഷ്ണന് ഉറപ്പു നല്കി.
മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ അവസാനവട്ട ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. രജനിയുടെ ലിങ്ക നിര്‍മ്മിച്ച റോക്ക്ലൈന് ഫിലിംസാണ് വില്ലന്‍ നിര്‍മ്മിക്കുന്നത്. രജനിക്കായി ചെന്നൈയില്‍ പ്രത്യേക സ്ക്രീനിങ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷമെത്തിയ ഒപ്പത്തിനും ചെന്നൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരുന്നു.
വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ തമിഴ്-തെലുങ്ക് താരങ്ങളും ചിത്രത്തിലുണ്ട്. പുലിമുരുകന് സംഘട്ടനം ചെയ്ത പീറ്റര്‍ ഹെയ്ന് തന്നെയാണ് വില്ലനിലും ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്.






