
റാഞ്ചി: ഝാര്‍ഖണ്ഡില്‍ റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 11കാരി പട്ടിണി കിടന്നുമരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടി മലേറിയ ബാധിച്ചാണ് മരിച്ചതെന്ന് നാട്ടുകാരുടെയും അധികൃതരുടെയും വാദത്തെ തള്ളിക്കൊണ്ടാണ് കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ എട്ടു മാസമായി റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഒന്നരമാസം മുന്‍പാണ് വീട്ടില്‍ അവസാനമായി അരിവാങ്ങിയതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.
ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ കുടുംബത്തെ റേഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സിംദേജയിലെ ജല്ദേജ ബ്ലോക്കില്‍ പെടുന്ന കരിമതി സ്വദേശി കോയ്ലി ദേവിയുടെ മകള്‍ സന്തോഷി കുമാരിയാണ് സെപ്തംബര്‍ 28ന് പട്ടിണി മൂലം മരിച്ചത്. കുടുംബത്തിന് നാളുകളായി റേഷന്‍ ലഭിച്ചിരുന്നില്ലെന്ന് നാട്ടുകാരും അയല്‍ക്കാരും അധികൃതരും പറയുന്നു.
ഭക്ഷണം ലഭിക്കാതെയാണ് കുട്ടി മരിച്ചതെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, കുട്ടിക്ക് മലേറിയ ബാധിച്ചിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. 2013 മുതല്‍ കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. പട്യാബയിലെ ഒരു പിഡിഎസ് കടയില്‍ നിന്നാണ് അവര്‍ റേഷന്‍ വാങ്ങിയിരുന്നത്. വീട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയാണ് കട. എട്ടു മാസം മുന്‍പ് റേഷന്‍ വിഹിതത്തിനുള്ള പട്ടികയില്‍ തങ്ങളുടെ പേരില്ലെന്ന് റേഷന്‍ കടയുടമ അറിയിച്ചുവെന്നും അതിനു ശേഷം കടയിലേക്ക് പോയിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു.
തന്റെ മകള്‍ക്ക് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്നും ഒരു ഡോക്ടറേയും കണ്ടിട്ടില്ലെന്നും ആരും വീട്ടില്‍ വന്നിട്ടില്ലെന്നും അമ്മ കോയ്ലി ദേവി പറയുന്നു. ഞങ്ങളുടെ വീട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവള് മരിച്ചതെന്നും അമ്മ പറയുന്നു. റേഷന്‍ കിട്ടിയില്ലെന്ന് ഒരിടത്തും പരാതി നല്‍കിയിട്ടുമില്ല. വീട്ടില്‍ അരി വാങ്ങിയിട്ട് ഒന്നര മാസമായിരുന്നുവെന്നും കോയ്ലിയുടെ മൂത്ത മകള്‍ ഗുദിയ ദേവി പറയുന്നു.
കാട്ടില്‍ നിന്ന് വിറക് പെറുക്കിവിറ്റാണ് തങ്ങള്‍ ജീവിച്ചിരുന്നത്. ദിവസവും 40-50 രൂപ വിറക് വിറ്റ് ലഭിച്ചിരുന്നു. ഇത് പലപ്പോഴും കുടുംബത്തിന്റെ ആവശ്യത്തിന് തികഞ്ഞിരുന്നില്ല. ഏഴ് മക്കളാണ് കോയ്ലി ദേവിക്കുണ്ടായിരുന്നത്. ഇവരില്‍ മൂന്നു പേര് പലകാരണങ്ങളാലും മരണമടഞ്ഞിരുന്നു.
കോയ്ലിയുടെ ഭര്‍ത്താവ് മാനസിക പ്രശ്നമുള്ളയാളാണ്. പലപ്പോഴും വീട്ടില്‍ നിന്ന് ഇയാള്‍ ഇറങ്ങിപ്പോകാറുമുണ്ട്. 2016 ഒക്ടോബറില്‍ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചിരുന്നു. അന്നു മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കുടുംബം ചെവിക്കൊണ്ടിരുന്നില്ലെന്നും കടയുടമ പറയുന്നു. ഓഗസ്റ്റില്‍ ഇവരുടെ കുടുംബം സ്വഭാവികമായും പട്ടികയില്‍ നിന്ന് പുറത്താകുകയായിരുന്നുവെന്നും കടയുടമ ചൂണ്ടിക്കാട്ടുന്നു.






