
സഹർസ: ബിഹാറിലെ സഹർസ ജില്ലയിൽ വിവാഹസൽക്കാരത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവത്തിൽ 12ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മുഹമ്മദ് അബ്ദുള്ള എന്ന യുവാവിന്റെ വിവാഹസൽക്കാരത്തിനിടെയാണ് സംഭവം. നിക്കാഹിന് ശേഷം ഭക്ഷണം വിളമ്പുന്നതിനിടെയാണ് തർക്കം ആരംഭിച്ചത്. വിവാഹവിരുന്നിൽ മട്ടൻ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ചിക്കനാണ് വിളമ്പിയതെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കൾ പ്രതിഷേധിച്ചു.
ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് അത് കൈയാങ്കളിയായി മാറുകയും ചെയ്തു. വടികളും മറ്റും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ചെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.






