നടവയല്‍: ചിറ്റാലുര്ക്കുന്നിലെ വീടുകളില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. കഴിഞ്ഞ ആഴ്ചയാണ് നടവയല്‍ ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തി പ്രദേശത്തെ വീടുകളില്‍ രക്തക്കറ കണ്ടെത്തിയത്. നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ പറപ്പള്ളി മത്തായിയുടെ വീട്ടിലാണ് ആദ്യം രക്തക്കറ കണ്ടെത്തിയത്. മുറ്റത്തും ശുചിമുറിയുടെ പരിസരത്തുമെല്ലാം രക്തക്കറ കണ്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം തൊട്ടടുത്ത സ്ഥലത്തെ ചെമ്പകശേരി ഇന്ദിര വിജയന്റെ വീട്ടിലും രക്തക്കറ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.
രണ്ടാമത് രക്തക്കറ കണ്ടെത്തിയ ഇന്ദിരയുടെ വീട് ആള്‍ത്താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ട് താഴെയുള്ള രണ്ട് വീടുകളിലും രക്തക്കറ കണ്ടെത്തി. ഇതോടെ മത്തായി പനമരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമോ മൃഗരക്തമോ എന്ന് തിരിച്ചറിയുന്നതിന് രക്തത്തിന്റെ സാമ്പിള്‍ സ്വീകരിച്ചിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി.
മനുഷ്യരക്തമാണെന്ന് ഉറപ്പായതോടെ സമീപത്തെ വീടുകളും കോളനികളും ആശുപത്രികളും കേന്ദ്രീകരിച്ചായി അന്വേഷണം. ഒടുവില്‍ പോലീസ് അന്വേഷണം എള്ളക്കാട്ട് കോളനിയിലെ മഹേഷ് എന്ന യുവാവില്‍ എത്തി നിന്നു. സംഭവ ദിവസം ഇയാള്‍ ഇന്ദിരയുടെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ കല്ലെടുത്ത് ജനല്‍ച്ചില്ല് തകര്‍ത്തു. പൊട്ടിയ ചില്ല് കൊണ്ട് ഇയാളുടെ കാല് മുറിയുകയും ചെയ്തു. എന്നാല്‍ മദ്യലഹരിയില്‍ ഇയാള്‍ കാല് മുറിഞ്ഞത് അറിഞ്ഞില്ല. കാലില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ ഇയാള്‍ സമീപത്തെ മറ്റ് വീടുകളിലും പോയിരുന്നു.
പിന്നീട് രക്തക്കറ കണ്ടത് വിവാദമായതോടെ ഇയാള്‍ മൗനം പാലിച്ചു. ഇന്നലെയാണ് പോലീസ് തന്ത്രപൂര്‍വം മഹേഷിനെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്ക് പിന്നീട് കുറ്റം സമ്മതിക്കേണ്ടി വന്നു. ഇന്നലെ വൈകുന്നേരം ഇയാളെ ചിറ്റാലൂര്‍ കുന്നില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഇയാളുടെ രക്തം പരിശോധിക്കാനും മുറിവിന്റെ പഴക്കം പരിശോധിക്കാനും ഇയാളെ കല്‍പ്പറ്റയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






