
തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്എസയിലിരിക്കെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തല്‍. ചെന്നെയിലെ റീജണല്‍ ലാബില്‍ നടത്തിയ രക്ത പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധ ഇല്ലെന്ന കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ഒന്‍പതു വയസുകാരിക്കാണ് എയ്ഡ്സ് ബാധ ഉണ്ടായതെന്ന ആരോപണം ഉയര്‍ന്നത്. ഡല്‍ഹിയിലെ നാഷണല്‍ ലാബിലെ റിപ്പോര്‍ട്ട്കൂടി വന്നതിനു ശേഷമേ അന്തിമ തീരുമാനം പുറത്തുവിടാനാകൂ എന്ന് ആര്‍സിസി അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയത്. ചികിത്സയ്ക്കിടെ കുട്ടിയുടെ രക്തത്തിന്റെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് ആര്‍സിസിയില്‍ ബ്ലെഡ് ട്രാന്സ്ഫ്യൂഷന് നടത്തിയത്.പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്ഐവി ബാധയുണ്ടെന്ന സംശയമുണര്‍ന്നത്. സംഭവത്തില്‍ ആര്‍സിസിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.






