.jpg)
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയേറിയെന്ന് കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് നിയമസാധുത വ്യക്തമാക്കി അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്. സിപിഎമ്മും, സിപിഐയും കൈയൊഴിഞ്ഞതിനു പിന്നാലെ നിയമോപദേശം കൂടി എത്തിയതോടെ തോമസ് ചാണ്ടിക്ക് കൂടുതല്‍ തിരിച്ചടിയായി.
റിപ്പോര്‍ട്ടിന് നിയമസാധുത ചൂണ്ടിക്കാട്ടി അനന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്നാണ് എജി സി.പി. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയിരിക്കുന്നത്. മന്ത്രിക്കെതിരായ നിയമോപദേശത്തില്‍ സര്‍ക്കാര്‍ യുക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നടിച്ചു. കൈയേറ്റക്കാരെയും, നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നവരെയും സംരക്ഷിക്കില്ലെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും, എല്ലാ കാര്യങ്ങളും മാധ്യമങ്ങളിലുടെ വിളിച്ചു പറയാനകില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഇതുസംബന്ധിച്ച് സിപിഐ നിലപാട് ഞായറാഴ്ച ചേരുന്ന എല്‍ഡിഎ)് യോഗത്തില്‍ വ്യക്തമാക്കുമെന്നും കാനം അറിയിച്ചു. മുന്നണിയില്‍ നിന്നും എതിര് ശബ്ദം ഉയര്‍ന്ന സാഹചര്യത്തില്‍ തോമസ് ചാണ്ടിക്ക് രാജിവെയ്ക്കേണ്ടി വരുമെന്നാണ് സൂചനകള്‍.
2014 നു ശേഷം റിസോര്‍ട്ടില്‍ കാര്‍ പാര്‍ക്കിംഗിനായി വയല്‍ നികത്തിയതായും, റിസോര്‍ട്ടിനു സമീപത്തെ നീര്ച്ചാല് വഴിതിരിച്ചു വിട്ടുവെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നത്തെ കളക്ടര്‍ നിയമലംഘനം കണ്ടെത്തി സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ആര്‍ഡിഒ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.






