തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സിനിമകള്‍ അവരുടെ മേളകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വാശി പിടിക്കരുതെന്ന് സംവിധായകന് ഡോ. ബിജു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് സെക്സി ദുര്‍ഗ എന്ന ചിത്രം ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡോ. ബിജു. ജൂറിയുടെ തീരുമാനം അന്തിമമാണെന്നാണ് പറയുന്നതെങ്കിലും അത് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ബാധകമാകുന്നതെന്നും ബിജു പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപ്രകാരം ഏതൊരു ചലച്ചിത്ര മേളയിലും സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇന്ത്യയില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും ഈ നിയമം നിലവിലുണ്ട്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയില്‍ ജയന് ചെറിയാന്റെ കാബോഡിസ്കേപ്പ് എന്ന സിനിമ ജൂറി തെരഞ്ഞെടുത്തുവെങ്കിലും വാര്‍ത്താ വിതരണ മന്ത്രാലയം ഇടപെട്ട് ഒഴിവാക്കി. പിന്നീട് ഹൈക്കോടതി വഴി തീരുമാനത്തിന് സ്റ്റേ വാങ്ങിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും ഡോ. ബിജു പറഞ്ഞു.
ഐ.എഫ്.എഫ്.ഐക്ക് അപേക്ഷിക്കുന്ന സമയത്ത് സെക്സി ദുര്‍ഗയ്ക്കും ന്യൂഡിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നാണ് താന്‍ മനസിലാക്കുന്നത്. രണ്ട് സിനിമകളും പിന്നീടാണ് സെന്‍സര്‍ഷിപ്പ് നേടിയത്. ഇന്ത്യന്‍ പനോമരയില് തെരഞ്ഞെടുത്ത സിനിമകള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കുകയും അവര്‍ അത് അംഗീകരിക്കുകയോ ഒഴിവാക്കുകയോ ആണ് ചെയ്യുന്നതെന്നും ഡോ. ബിജു കൂട്ടിച്ചേര്‍ത്തു.






