
ന്യൂഡല്‍ഹി: ലൈംഗികത എന്നത് ഒരു പൗരന്റെ അടിസ്ഥാനാവകാശമെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ലൈംഗികത ഇന്ത്യന്‍ ഭരണഘടന പ്രകാരം വ്യക്തിയുടെ അടിസ്ഥാന അവകാശമാണെന്നും അതിലേക്ക് നുഴഞ്ഞു കയറാന്‍ ആര്‍ക്കും അധികാരമില്ലെന്നും പറഞ്ഞു. പട്ടേല്‍ സമുദായ നായകന് ഹര്‍ദീക് പട്ടേലിന്റെ ലൈംഗിക രംഗങ്ങളുടെ സിഡി ഒരു ഗുജറാത്ത് ചാനല്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് ഹര്ദീകിനെ ന്യായീകരിച്ച് മേവാനി രംഗത്ത് വന്നത്.
അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഹര്‍ദീക് പട്ടേലിനെതിരേ ബിജെപി പുറത്തുവിട്ട ഏറ്റവും പുതിയ അടവായിരുന്നു സെക്സ് സിഡി. ഇന്നലെ ഒരു പ്രാദേശിക ഗുജറാത്തി ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ഹര്ദീകിനെ പോലെ ഒരാള്‍ അജ്ഞാതയായ ഒരു യുവതിയുമായി ഒരു മുറിയിലെ കിടക്കയില്‍ ഇരിക്കുന്നതിന്റെ ഒളിക്യാമറാ ദൃശ്യമാണ് പുറത്തു വന്നത്. തന്നെ മോശമാക്കാന്‍ ബിജെപി സിഡിയുമായി എത്തുമെന്ന് ഒരാഴ്ച മുമ്പ് തന്നെ ഹര്‍ദീക് പറഞ്ഞിരുന്നു.
അതേസമയം തന്നെ ഹര്ദീകിനെ ലക്ഷ്യമിട്ട് അടുത്ത വീഡിയോയും പുറത്തു വന്നിരിക്കുകയാണ്. ഹര്‍ദീക് വെള്ളമടിക്കുന്ന വീഡിയോ എന്ന പേരിലാണ് പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം ഈ സെക്സ് സിഡി കൊണ്ട് ബിജെപിയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും ഇത്തരം വൃത്തികെട്ട കളി കളിക്കേണ്ട കാര്യം ബിജെപിയ്ക്ക് ഇല്ലെന്നും വീഡിയോ വ്യാജമാണെങ്കില്‍ എന്തുകൊണ്ട് ഹര്‍ദിക് പട്ടേല്‍ കേസിന് പോകുന്നില്ലയെന്നാണ് ഗുജറാത്തിലെ ബിജെപി നേതാക്കള്‍ പറയുന്നത്.
തുടര്‍ച്ചയായി 22 വര്‍ഷം ഗുജറാത്ത് ഭരിച്ച ബിജെപിയ്ക്ക് പറ്റീദാര്മാരുടേയും പട്ടേല്മാരുടെയും വ്യാപകമായ പിന്തുണ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് പറ്റീദാര്മാരെ 146 പിന്നാക്ക സമുദായത്തിന്റെ പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ദീക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായക്കാര്‍ വന്‍ സമര പരിപാടികള്‍ നടത്തിയത്്. 36 കാരനായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുന്നതിനെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു.






