
അഹമ്മദാബാദില്‍ പ്രധാന ക്യാമ്പസുള്ള ഇന്ത്യയുടെ രൂപകല്‍പ്പനാ കളരിയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി). ഇപ്പോള്‍ ബംഗളുരൂ, ഗാന്ധിനഗര്‍, വിജയവാഡ, കുരുക്ഷേത്ര എന്നിവിടങ്ങളിലും ക്യാമ്പസുണ്ട്.
ബി.ഡിസ്, എം.ഡിസ്, ഗ്രാജ്വേറ്റ് ഡിപ്ലോമ (ജിഡിപിഡി) എന്നിങ്ങനെ മൂന്നുതരം കോഴ്സുകളുണ്ട്. പ്രിലിമിനറി, മെയിന്‍സ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായാണ് പ്രവേശനപ്പരീക്ഷ.
ബിരുദതല ബാച്ചിലര്‍/ ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകര്‍ സയന്‍സ് / ആര്‍ട്ട്സ്/ കൊമേഴ്സ് തുടങ്ങിയ സ്ട്രീമുകളിലൊന്നില്‍ പഠിച്ച്, അംഗീകൃത ബോര്‍ഡിന്റെ ഹയര്‍സെക്കന്‍ഡറി/ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
കേന്ദ്ര/ സംസ്ഥാന ബോര്‍ഡുകളുടെ പരീക്ഷകള്‍, കുറഞ്ഞത് 5 വിഷയമെടുത്ത് ജയിച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്, ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ പരീക്ഷ തുടങ്ങിയവയൊക്കെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തിലെ നാലുവര്‍ഷ ബാച്ചിലര്‍ ബിരുദമോ, ഏതെങ്കിലും വിഷയത്തിലെ മൂന്നുവര്‍ഷ ബാച്ചിലര്‍ ബിരുദമോ, കുറഞ്ഞത് നാലുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിസൈന്‍/ ഫൈന്‍ ആര്‍ട്ട്സ്/ അപ്ലൈഡ് ആര്‍ട്ട്സ്/ ആര്‍ക്കിടെക്ചര്‍ എന്നിവയിലൊന്നിലെ മുഴുവന്‍ സമയ ഡിപ്ലോമയോ ഉണ്ടായിരിക്കണം.
ബിരുദ, ബിരുദാനന്തരതല പ്രോഗ്രാമുകള്‍ക്ക് വിവിധ സ്പെഷ്യലൈസേഷനുകളുണ്ട്. അഭിരുചി പരീക്ഷയുടെ ആദ്യഘട്ടമായ പ്രിലിംസിന്റെ സ്കോര്‍ പരിഗണിച്ച്, രണ്ടാംഘട്ട പരീക്ഷയായ ഡാറ്റ് (ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) മെയിനിലേക്ക് അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
ഡ്രോയിങ്/ സ്കെച്ചിങ്/ മോഡല്‍ നിര്‍മാണം എന്നിവയിലെ വിദ്യാര്‍ഥികളുടെ മികവ് ഈ ഘട്ടത്തില്‍ അളക്കും. വിശദാംശങ്ങള്‍ www.admission.nid.edu എന്ന വെബ്സൈറ്റില്‍ കിട്ടും. സാമ്പിള്‍ ചോദ്യക്കടലാസ് എന്‍.ഐ.ഡി വെബ്സൈറ്റില്‍ ലഭ്യമാണ്.

