ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെളിപ്പെടുത്തലുമായി സി.ബി.ഐ മുന്‍ ഉദ്യോഗസ്ഥന്. രാജീവ് ഗാന്ധിയെ വധിക്കുന്നതിനുള്ള ബോംബ് നിര്‍മ്മിക്കുന്നതിനുള്ള രണ്ട് ബാറ്ററികള്‍ വാങ്ങി നല്കി എന്നതാണ് പേരറിവാളന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്കുമ്പോള് അത് എന്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് പേരറിവാളന് പറഞ്ഞിരുന്നു. ഇക്കാര്യം താന്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് സി.ബി.ഐ മുന്‍ ഉദ്യോഗസ്ഥനായ വി. ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.
ഒക്ടോബര്‍ 27ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ത്യാഗരാജന് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പേരറിവാളന്റെ അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണന് വെളിപ്പെടുത്തി. ബാറ്ററി വാങ്ങി നല്‍കിയത് എന്തിനാണെന്ന് അറിയില്ലായിരുന്നെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയാല്‍ അത് കുറ്റസമ്മത മൊഴിയെ ദുര്‍ബലപ്പെടുത്തും. ഇക്കാരണത്താലാണ് മൊഴിയിലെ ഈ ഭാഗം വിട്ടുകളഞ്ഞതെന്ന് ത്യാഗരാജന് പറഞ്ഞു.
രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പേരറിവാളന് പങ്കില്ലായിരുന്നുവെന്ന് 1991ല്‍ തന്നെ സി.ബി.ഐക്ക് വ്യക്തമായിരുന്നു. പേരറിവാളന്റെ പങ്കിനെക്കുറിച്ച് ആദ്യം സി.ബി.ഐക്ക് വ്യക്തതയില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെ പേരറിവാളന് പങ്കില്ലെന്ന് വ്യക്തമായി-ത്യാഗരാജന് പറയുന്നു. 1991 മെയ് 7ന് എല്‍.ടി.ടി നേതാക്കളായ പൊട്ടു അമ്മനും ശിവരശനും തമ്മില്‍ കൈമാറിയ വയര്‍ലെസ് സന്ദേശമാണ് ഇതിന് തെളിവായി ത്യാഗരാജന് ചൂണ്ടിക്കാട്ടുന്നത്.
രജീവ് ഗാന്ധിയെ വധിക്കാന്‍ തീരുമാനിച്ചതായി തനിക്കും ധനു, ശുഭ എന്നിവര്‍ക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ എന്ന് വയര്‍ലെസ് സന്ദേശത്തില്‍ ശിവരശന് പറയുന്നുണ്ട്. ഇതിന്റെ തെളിവ് സി.ബി.ഐക്ക് ലഭിച്ചിരുന്നു. ഗൂഢാലോചനയില്‍ പേരറിവാളന് പങ്കില്ലായിരുന്നെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പേരറിവാളന് നീതി കിട്ടണണെന്നതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ത്യാഗരാജന് പറഞ്ഞു.
എന്തിനാണെന്ന് പോലും അറിയാതെ ബാറ്ററി വാങ്ങി നല്‍കിയെന്ന കുറ്റത്തിന് ഒരാള്‍ 26 വര്‍ഷമായി ഏകാന്ത തടവ് അനുഭവിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് പേരറിവാളന്റെ അഭിഭാഷകന് പറഞ്ഞു. ബോംബ് നിര്‍മ്മിച്ചുവെന്ന് ആരോപിക്കപ്പെടുന്നയാള്‍ ശ്രീലങ്കയിലെ ജയിലിലാണ്. ഇയാളെ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ചോദ്യം ചെയ്തിട്ടു പോലുമില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ബാറ്ററി വാങ്ങി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പേരറിവാളന് 26 വര്‍ഷമായി ജയിലില്‍ കിടക്കുന്നത്.





