
കൊല്‍ക്കത്ത: ബാറ്റിംഗിനിടെ തന്റെ ഷോട്ട് തലയ്ക്ക് കൊണ്ട ടെലിവിഷന്‍ ക്യാമറാമാന് ടീം ഫിസിയെ വിളിച്ച് ശുശ്രൂഷ നല്കി ഇന്ത്യന്‍ നായകന്റെ സൗമനസ്യം. ശ്രീലങ്കന്‍ ടീമിനെതിരേ ഈഡന്‍സ് ഗാര്‍ഡനില്‍ നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന നെറ്റ് പ്രാക്ടീസിനിടയിലാണ് സംഭവം. നെറ്റ്സില്‍ ഷമി എറിഞ്ഞ പന്ത് കോഹ്ലിയുടെ ബാറ്റില്‍ നിന്നും നെറ്റിന് പുറത്തേക്ക് പറക്കുകയായിരുന്നു.
പന്ത് ടെലിവിഷന്‍ സംഘത്തില്‍ പെട്ടയാളുടെ തലയ്ക്ക് കൊണ്ടത് മനസ്സിലാക്കിയപ്പോള്‍ തന്നെ ബാറ്റിംഗ് നിര്‍ത്തി കോഹ്ലി ഓടിയെത്തുകയായിരുന്നു. ഷമിയും പിന്നാലെ വന്നു. ഇരുവരും പെട്ടെന്ന് തന്നെ ടീം ഫിസിയോയെ വിളിച്ചു വരുത്തി പരിക്കേറ്റയാള്‍ക്ക് ശുശ്രൂഷ നല്കി. മതിയായ ശുശ്രൂഷ ഉറപ്പാക്കിയ ശേഷമാണ് ഇന്ത്യന്‍ നായകന് പരിശീലനം വീണ്ടും തുടങ്ങിയത്.
ശ്രീലങ്കയ്ക്കെതിരേ കരുത്തോടെ ഒരുങ്ങാന്‍ ടീം ഇന്ത്യ കടുത്ത പരിശീലനത്തിലാണ്. ഇന്നലെ വിരാട്കോഹ്ലി ബാറ്റിന്റെ പിടി ഒരിഞ്ചോളം കുറച്ചിരുന്നു. താഴത്തെ കൈയ്ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ നായകന് ഇങ്ങിനെ ചെയ്തത്. ടെസ്റ്റില്‍ അടുത്ത കാലത്ത് മോശം പ്രകടനം മാത്രം പേരിലുള്ള കോഹ്ലിക്ക് ശക്തമായ തിരിച്ചുവരവിനുള്ള അവസരമാണ് ലങ്കയുടെ പര്യടനം. ഈ വര്‍ഷം ആദ്യം ബംഗ്ളാദേശിനെതിരേ നേടിയ 204 ഒഴിച്ചാല്‍ കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നായകന്റെ സ്കോര്‍ 42, 13, 3, 6 , 12 എന്നതാണ്.
ഫ്രണ്ട് ഫൂട്ട ഡ്രൈവുകള്‍ മികച്ചതാക്കുന്നതിനുള്ള പരിശീലനമാണ് ഇന്നലെ കോഹ്ലി നടത്തിയത്. ഏറെ നേരം ഇന്ത്യന്‍ നായകന് പരിശീലനം നടത്തി. ദീര്‍ഘനേരം പരിശീലനം നടത്തിയ മറ്റൊരു താരം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു. സഹതാരങ്ങളില്‍ പലരും വെളിച്ചം കുറഞ്ഞ് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും അശ്വിന് തുടര്‍ന്നിരുന്നു. തിങ്കളാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്ന രവീന്ദ്ര ജഡേജയും ചേതേശ്വര്‍ പൂജാരയും ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു ലങ്കന്‍ ടീം പരിശീലനത്തിനായി ഇറങ്ങിയത്.





