
അറ്റ്ലാന്റ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീന-ഈജിപ്ത് മത്സരത്തിലെ റഫറിയിങ് വിവാദം വീണ്ടും ചർച്ചയാകുന്നു. മത്സരത്തിലെ ഫ്രഞ്ച് റഫറിയായ ഫ്രാങ്കോയിസ് ലെറ്റക്സിയർക്കെതിരെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് വിവാദം വീണ്ടും സജീവമായത്. നിലവിലെ ചാമ്പ്യന്മാരേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും റഫറിയുടെ തീരുമാനങ്ങൾ തങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും ലെറ്റക്സിയറെ ഫിഫ പുറത്താക്കണമെന്നും ഈജിപ്ത് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഈജിപ്തിന്റെ പ്രതിഷേധം തള്ളിക്കൊണ്ട് ഫ്രഞ്ച് റഫറിയുടെ തീരുമാനങ്ങളിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഫിഫ റഫറിയിങ് മേധാവി പിയർലൂജി കൊളീന. ഇതോടെ 'ഫ്രാങ്കോയിസ് ലെറ്റക്സിയർ ആരാണ്?' എന്ന ചോദ്യവും വീണ്ടും ഫുട്ബാൾ ലോകത്ത് ശ്രദ്ധ നേടുകയാണ്.
37-കാരനായ ലെറ്റക്സിയർ നിലവിൽ ഫുട്ബാളിലെ പ്രമുഖ മാച്ച് ഒഫീഷ്യലുകളിൽ ഒരാളാണ്. യുവേഫയുടെ എലൈറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട അദ്ദേഹം പ്രധാനമായും ഫ്രഞ്ച് ലീഗായ ലിഗ് 1 മത്സരങ്ങളിലാണ് റഫറിയായി ചുമതല വഹിക്കുന്നത്.






