
തിരുവനന്തപുരം: ഒറ്റവാക്കില്‍ ഉത്തരമെഴുതി സര്‍ക്കാര്‍ ജോലിയുടെ പടികള്‍ കയറാമെന്ന വ്യാമോഹം അവസാനിപ്പിച്ചോളൂ. പരീക്ഷാ സമ്പ്രദായത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാന്‍ പിഎസ്സി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ പരിഷ്കരിച്ച പരീക്ഷ സമ്പ്രദായമായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരിക.
ഒറ്റപരീക്ഷ സമ്പ്രദായം അപ്പാടെ എടുത്തുമാറ്റി രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ നടത്തിപ്പാണ് പിഎസ്സി ലക്ഷ്യമിടുന്നത്. ലാസ്റ്റ് ഗ്രേഡ് മുതലുള്ള തസ്തികകള്‍ക്ക് ഇനി മുതല്‍ രണ്ടുഘട്ട പരീക്ഷ നേരിടേണ്ടി വരും. രണ്ടാം ഘട്ടത്തില്‍ വിവരണാത്മക പരീക്ഷ നടത്തുമെന്നാണ് വ്യക്തമായ സൂചനകള്‍. ഇതിനു പുറമെ അഭിമുഖവും ഉദ്യോഗാര്‍ത്ഥികള്‍ നേരിടേണ്ടി വരും.
ഒബ്ജെക്ടീവ് രീതിയിലുള്ള ഒ.എം.ആര് പരീക്ഷ നടത്തി നിശ്ചിത ശതമാനം ആളുകളെ മാത്രം രണ്ടാം ഘട്ട പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി, പോലീസ് സര്‍വീസ്, കെ.എ.എസ് എന്നിവയ്ക്കും ഇനി രണ്ടുഘട്ട പരീക്ഷകള്‍ നേരിടേണ്ടി വരും. എന്നാല്‍ എസ്എസ്എല്‍സി, പ്ലസ്ടൂ യോഗ്യതയുള്ള തസ്തികകള്‍ക്ക് രണ്ടാം ഘട്ടവും ഒബ്ജെക്ടീവ് രീതിയിലാകും. എന്നാല്‍ രണ്ടാം ഘട്ടത്തിന് നിലവാരം ഉയരുമെന്ന് ചുരുക്കം. ബിരുദം യോഗ്യതയായി വേണ്ട തസ്തികകള്‍ക്കാണ് വിവരാണത്മക പരീക്ഷ നടത്തുക.






