തോമസ്ചാണ്ടി വീണത് ഇവര്‍ക്ക് മുന്നില്‍: അനുപമം കലക്ടര്‍; പാര്‍ട്ടിസ്ഥാനം കളഞ്ഞ് സുഭാഷിന്റെ പോരാട്ടം; ഭീഷണി തള്ളി പടയൊരുക്കി വിനോദ്
തോമസ്ചാണ്ടി വീണത് ഇവര്‍ക്ക് മുന്നില്‍: അനുപമം കലക്ടര്‍; പാര്‍ട്ടിസ്ഥാനം കളഞ്ഞ് സുഭാഷിന്റെ പോരാട്ടം; ഭീഷണി തള്ളി പടയൊരുക്കി വിനോദ്
Authored by Web Desk | Last updated: 16 Nov 2017, 8:02 AM | 3 min read
ആലപ്പുഴ: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഒടുവില്‍ മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി സര്‍ക്കാരില്‍ നിന്നും ഒന്നര വര്‍ഷത്തിനിടയില്‍ പുറത്താകുന്ന മൂന്നാമത്തെ മന്ത്രിയായി തോമസ്ചാണ്ടി കസേര വിടുമ്പോള്‍ ശരിക്കും ജയിച്ചത് മൂന്ന് പേരാണ്. ഭീഷണിയും സമ്മര്‍ദ്ദവും അതിജീവിച്ച് അഴിമതിക്കെതിരേ കര്‍ശനമായ നിലപാട് എടുത്ത് കയ്യേറ്റത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കളക്ടര്‍ അനുപമ, വിജിലന്‍സ് കോടതി ഉത്തരവു സമ്പാദിച്ചത് അഭിഭാഷനായ പൊതുപ്രവര്ത്തകന് എം. സുഭാഷ്, െകെനകരി പഞ്ചായത്തംഗം ബി.കെ വിനോദ് എന്നിവര്‍. തോമസ്ചാണ്ടിയുടെ അഴിമതിക്കെതിരേ ഇവരുടെ സന്ധിയില്ലാത്ത പോരാട്ടം കൂടിയാണ് മന്ത്രിയുടെ പുറത്താകലിലേക്ക് നയിച്ചത്.
ഉദ്യോഗസ്ഥവൃന്ദം കണ്ണടച്ച നിയമലംഘനങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കലക്ടര്‍ എണ്ണിയെണ്ണി പറഞ്ഞ് ഈ കലക്ടര്‍
ചുരുങ്ങിയകാലം കൊണ്ട് ആര്‍ജവമുള്ള സിവില്‍സര്‍വീസ് ഉദ്യോഗസ്ഥയെന്നു പേരെടുക്കാന്‍ ടി.വി. അനുപമയ്ക്കായി. മുന്‍ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദം കണ്ണടച്ച നിയമലംഘനങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കലക്ടര്‍ എണ്ണിയെണ്ണി പറഞ്ഞതിനു െഹെക്കോടതിയുടെ അംഗീകാരം ലഭിച്ചു. ലേക് പാലസ് റിസോര്‍ട്ടിനായി മന്ത്രി തോമസ് ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്നും ഇതു കടുത്ത നിയമലംഘനമാണെന്നും മാര്‍ത്താണ്ഡം കായലില്‍ പൊതു റോഡില്‍ ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന കലക്ടറുടെ നിരീക്ഷണങ്ങള്‍, തോമസ് ചാണ്ടിയുടെയും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെയും വാദങ്ങള്‍ തകര്‍ക്കുന്നതായി.
രണ്ടു ഭാഗങ്ങളായി സമര്‍പ്പിച്ച 20 പേജുകളുള്ള റിപ്പോര്‍ട്ടില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായാണ് വ്യക്തമാക്കിയത്. റിസോര്‍ട്ടിനോടു ചേര്‍ന്ന കരുവേലി പാടശേഖരത്തില്‍ 2003 മുതല്‍ ബണ്ട് രൂപ മാറ്റം വരുത്തി നിര്‍മിച്ച പാര്‍ക്കിങ് ഏരിയ നില്ക്കുന്ന സ്ഥലം തങ്ങളുടേതല്ലെന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ വാദം കലക്ടര്‍ തള്ളി. റോഡ് നിര്‍മാണത്തിന് പ്രാദേശിക നിരീക്ഷണ സമിതി 2011ല്‍ നല്കിയ ശിപാര്‍ശക്കത്ത് വ്യാജമാണോയെന്ന് സംശയമുണ്ടെന്ന ഗരുതരമായ പരാമര്‍ശവും കലക്ടര്‍ നടത്തി. സംസ്ഥാനതല നിരീക്ഷണ സമിതിയുടെ യാതൊരു അനുമതിയും വാങ്ങിക്കാണുന്നില്ല. പ്രാദേശിക നിരീക്ഷണ സമിതിയുടെ മിനിറ്റ്സില്‍ ലേക് പാലസ് ജെട്ടിയിലേക്ക് റോഡ് അനുവദിക്കാവുന്നതാണ് എന്ന് പിന്നീട് എഴുതിച്ചേര്‍ത്തതായും സംശയം പ്രകടിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വേളയില്‍ അനുപമ ഗുണനിലവാരമില്ലാത്ത നിരവധി ബ്രാന്‍ഡുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും അവരുടെ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തയാളാണ്. തന്റെ കര്‍ത്തവ്യം പൊതുമനസാക്ഷിക്ക് അനുകൂലമായി ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് അനുപമ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ െകെക്കുഞ്ഞുമായാണ് അവര്‍ ഓഫീസില്‍ വരിക. കലക്ടറുടെ ജോലി തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ കര്‍ത്തവ്യത്തിനും വിലകല്‍പ്പിക്കുന്ന അനുപമ രണ്ട് വയസ് തികയാത്ത കുഞ്ഞുമായി ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തുന്നത് ആലപ്പുഴക്കാര്‍ക്ക് പതിവുകാഴ്ചയാണ്.
എം.പി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് പണിത് ടാര്‍ ചെയ്തതിനെതിരേയും പരാതി നല്കി സുഭാഷിന്റെ പോരാട്ടം
മന്ത്രിയെ തോമസ് ചാണ്ടിയെ പിടിച്ചുലച്ച വിജിലന്‍സ് കോടതി ഉത്തരവു സമ്പാദിച്ചത് അഭിഭാഷനായ പൊതുപ്രവര്ത്തകന് എം. സുഭാഷായിരുന്നു. താന്‍ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നാണ് സുഭാഷിന്റെ പ്രതികരണം. 2008 മുതല്‍ ആലപ്പുഴയിലെ വിവിധ നിയമലംഘനങ്ങള്‍ക്കെതിരേ വിവരാവകാശനിയമത്തിന്റെ സഹായത്തോടെ പോരാടുന്നയാളാണ് അദ്ദേഹം. അനധികൃത കെട്ടിടനിര്‍മാണം, പൊതുസ്ഥലം െകെയേറ്റം, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമലംഘനം എന്നിവ കണ്ണില്‍പ്പെട്ടാല്‍ അദ്ദേഹം ഇടപെടും.
ലേക് പാലസ് റിസോര്‍ട്ടിനെതിരേ 2011 -ല്‍ ആലപ്പുഴ നഗരസഭയില്‍ നല്കിയ പരാതിയില്‍ ഇതുവരെ തീരുമാനമായില്ല. അന്നത്തെ ഇടതുപക്ഷ നഗരസഭാ നേതൃത്വം പരസ്യമായി സുഭാഷിനെതിരേ രംഗത്തുവന്നു. ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് ശ്രമമെന്ന് ആരോപിച്ചു. കെട്ടിടനിര്‍മാണച്ചട്ടത്തിന്റെ പരസ്യമായ ലംഘനമായിട്ടും നഗരസഭ അനങ്ങിയില്ല. നെല്‍വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് വഴിയുണ്ടാക്കിയതിനെതിരേ കലക്ടര്‍ക്ക് പരാതി നല്കി. പൊതുആവശ്യമെന്ന പേരില്‍ ജില്ലാഭരണകൂടം ഇതിനെ ന്യായീകരിച്ചു.
എന്നാല്‍, 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരസ്യമായ ലംഘനമാണിതെന്നാണ് സുഭാഷ് പറയുന്നത്. എം.പി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് പണിത് ടാര്‍ ചെയ്തതിനെതിരേയും പരാതി നല്കി. തോമസ് ചാണ്ടിക്കും അന്നത്തെ കലക്ടര്‍ക്കുമെതിരേ കോട്ടയം വിജിലന്‍സ് കോടതിയില്‍ നല്കിയ കേസില്‍ ത്വരിതാന്വേഷണം നടക്കുകയാണ്. കഴിഞ്ഞദിവസം കോട്ടയം ഡിെവെ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം സുഭാഷിന്റെ മൊഴിയെടുത്തു. അടുത്തമാസം നാലിന് കോടതി കേസ് പരിഗണിക്കും.
മന്ത്രിയെ പ്രതിക്കൂട്ടിലാക്കിയതിന്റെ പേരില്‍ പാര്‍ട്ടിയുടെ കണ്ണിലെക്കരടായി. അദ്ദേഹത്തിനെതിരേ ചാണ്ടിയും കൂട്ടരും പലരെയും ഇളക്കിവിട്ടു. ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചാണ് പോരാട്ടവുമായി സുഭാഷ് മുന്നോട്ടു പോകുന്നത്.
വിവരാവകാശരേഖകളും പരാതികളുമായി ഓഫീസുകളും കോടതിയും കയറി വിനോദ്
തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമ്പോള്‍ പോരാടി നേടിയ വിജയത്തിന്റെ ആഹ്ലാദത്തിലാണ് െകെനകരി പഞ്ചായത്തംഗം ബി.കെ വിനോദ്. ജനപ്രതിനിധിയുടെ നിയമലംഘനം രണ്ടുംകല്പ്പിച്ചു ചെറുത്തുതോല്‍പ്പിക്കുന്നതില്‍ പങ്കാളിയായതില്‍ അദ്ദേഹം അഭിമാനിക്കുന്നു. നിയമലംഘനങ്ങള്‍ക്കെതിരേ പരാതികളുമായിറങ്ങിയപ്പോള് അധികാരകേന്ദ്രങ്ങള്‍ അനങ്ങിയില്ല. വിവരാവകാശരേഖകളും പരാതികളുമായി ഓഫീസുകളും കോടതിയും കയറി പടനയിച്ചപ്പോള്‍ നിരവധി ഭീഷണികളുണ്ടായി. കള്ളക്കേസുകളില്‍ പെടുത്താന്‍ ശ്രമവുമുണ്ടായി. മിക്ക അധികാരകേന്ദ്രങ്ങളും മന്ത്രിക്കു ദാസ്യവേല ചെയ്തപ്പോഴും വച്ചകാല് പിന്നോട്ടെടുത്തില്ല.
മന്ത്രി തോമസ് ചാണ്ടിക്ക് കൂടി ഉടമസ്ഥാവകാശമുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായലിന്റെ ഒരു ഭാഗം മണ്ണിട്ടുനികത്തിയതോടെയാണ് വിനോദിന്റെ പോരാട്ടം ആരംഭിച്ചത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആദ്യം ഗ്രാമപഞ്ചായത്തിന് പരാതി നല്കി. എന്നാല്‍, ഇടതു പക്ഷം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന പഞ്ചായത്ത് പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തഹസീല്‍ദാര്‍ ഇടപെട്ടു. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്കി. പിന്നീട് പുറത്തുവന്ന വിവരാവകാശരേഖകള്‍ തോമസ് ചാണ്ടിയുടെ നേത്യത്വത്തില്‍ നടന്ന നിയമ ലംഘനത്തിന്റെ തെളിവുകളായിരുന്നു. വേമ്പനാട്ട് കായലിലെ അതീവ പരിസ്ഥിതിദുര്‍ബല പ്രദേശത്തെ ദോഷകരമായ നിര്‍മാണം, പാവപ്പെട്ട 60 ഓളം പേര്‍ക്ക് കൃഷിക്കും വീടു വയ്ക്കാനുമായി നല്കിയ ഭൂമി െകെക്കലാക്കി ഭൂപരിഷ്കരണ നിയമലംഘനം, ഭൂവിനിയോഗ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു വിനോദിന്റെ പോരാട്ടം.
യഥസമയം അധികൃതര്‍ നടപടിയെടുത്തില്ല. ജങ്കാറില്‍ മണ്ണടിക്കുന്നതായി വിവരം അറിയിച്ചപ്പോള്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ചെറുവിരലനക്കിയില്ല. വിനോദിന്റെ നീക്കം ചില ഉദ്യോഗസ്ഥര്‍ കൃത്യമായി മന്ത്രിയെയും ബന്ധപ്പെട്ടവരെയും അറിയിച്ചു. ഇതോടെ നിരവധി ഭീഷണികള്‍ അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. താന്‍ കൂടി നേതൃത്വം നല്കുന്ന െകെനകരി വികസന സമിതി പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് ഇതെല്ലാം നേരിടുന്നതെന്ന് വിനോദ് പറയുന്നു. ഒടുവില്‍ വിനോദ് െഹെക്കോടതിയില്‍ നല്കിയ ഹര്‍ജിയും തോമസ് ചാണ്ടിയെന്ന ശതകോടീശ്വരന്റെ പതനത്തി കാരണമായി.