
കൊച്ചി: മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയ വൃദ്ധനെ തോളിലേറ്റിക്കൊണ്ട് പോകുന്ന പോലീസുകാരന്റെ വീഡിയോ വൈറലായത് കഴിഞ്ഞ ദിവസമാണ്. കൊച്ചി ചെല്ലാനത്ത് വീടുകളിലേക്ക് കടല്‍ ഇരച്ചു കയറുമ്പോള്‍ ഭയന്നിരിക്കുന്ന വൃദ്ധനെയാണ് പോലീസുകാരന് സ്വജീവന്‍ പോലും പണയം വച്ചു കൊണ്ട് തോളിലേറ്റി കൊണ്ടു പോകുന്നത്.
രോഗിയായ വയോധികനെയാണ് കണ്ണമാലി സ്റ്റേഷനിലെ പോലീസുകാരന് പി.എ ആന്‍ഡ്രൂസ് ചുമലിലെടുത്തു ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ചത്. ഈ കാക്കിയുടെ നന്മ പരിസരവാസിയായ യുവാവാണ് മൊബൈലില്‍ പകര്‍ത്തിയത്. ആലപ്പുഴ പള്ളിത്തോട് സ്വദേശിയായ ആന്‍ഡ്രൂസ് ഇപ്പോള്‍ താരമാണ്. തുടര്‍ന്ന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആന്‍ഡ്രൂസിനെ അനുമോദിച്ചു.
നിങ്ങള്‍ നടന്നു പോയാല്‍ ജീവന് കാണില്ലെന്നും തന്റെ പുറത്ത് കയിറിയിരുന്നാല് രക്ഷിക്കാമെന്നും പോലീസുകാരന് പറയുന്നുണ്ട്. തുടര്‍ന്ന് വൃദ്ധനെ തോളിലേറ്റി കൊണ്ട് സുരക്ഷിതമായി കൊണ്ടു പോകുന്ന ദൃശ്യങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.






