നടന് ദിലീപ് ആദ്യമായി നായകനായ ചിത്രമാണ് മാനത്തെ കൊട്ടാരം. ഈ ചിത്രത്തിന്റെ വിജയത്തോടെയാണ് ദിലീപിന മുഴുനീള വേഷങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. ഈ ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നായകനാകേണ്ടിയിരുന്നത് വ്യാഴാഴ്ച അന്തരിച്ച ദിലീപ് ആയിരുന്നുവെന്നും ഈ വേഷം ദിലീപ് തട്ടിയെടുക്കുകയായിരുന്നെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായപ്പോഴാണ് ഈ വാര്‍ത്ത ആദ്യം പ്രചരിച്ച് തുടങ്ങിയത്. അബി അന്തരിച്ചതിന് പിന്നാലെ വീണ്ടും ചില മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് മാനത്തെ കൊട്ടാരത്തിന്റെ സഹരചയിതാവായ റോബിന് തിരുമല. അബിയുടെ വിയോഗത്തിന്റെ ദുഃഖസ്മരണകള്‍ തീരും മുന്‍പ് ഒരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാനും കലാഭവന്‍ അന്‍സാറും ചേര്‍ന്ന് രചിച്ച് സുനില്‍ സംവിധാനം ചെയ്ത മാനത്തെ കൊട്ടാരത്തില്‍ അബിയെ ആയിരുന്നു ആദ്യം നായകനായി പിന്നീട് ദിലീപ് ഇടപെട്ട് ആ വേഷം തട്ടിയെടുക്കുകയായിരുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് അത്.
അടിസ്ഥാനരഹിതമായ ഈ വാര്‍ത്ത എന്നെ വേദനിപ്പിച്ചു. മാനത്തെ കൊട്ടാരത്തിന്റെ ചര്‍ച്ച മുതല്‍ ഷൂട്ടിംഗ് തുടങ്ങുന്നത് വരെ ഒരു ഘട്ടത്തിലും ദിലീപിനെ അല്ലാതെ മറ്റാരെയും നായകനായി പരിഗണിച്ചിട്ടില്ല. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്ന അന്തരിച്ച നടന് സാഗര്‍ ഷിയാസിനെ മാറ്റി, നാദിര്‍ഷയെ കൊണ്ടുവന്നു. ഇത് പൂര്‍ണമായും സംവിധായകന്റെ തീരുമാനപ്രകാരമായിരുന്നുവെന്നും റോബിന് തിരുമല പറഞ്ഞു.
മാനത്തെ കൊട്ടാരത്തിന് ശേഷം താന്‍ തിരക്കഥ എഴുതി സുനില്‍ സംവിധാനം ചെയ്ത ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തിലും ദിലീപ് ആയിരുന്നു നായകന്. ദിലീപ് തന്റെ സഹപ്രവര്‍ത്തകരെ പാരവയ്ക്കുകയോ അവരുടെ വേഷങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്തതായി തനിക്ക് അറിയില്ലെന്നും ദിലീപിന് അയാളുടേതായ ഒരിടം ഉണ്ടെന്നും റോബിന് തിരുമല കൂട്ടിച്ചേര്‍ത്തു. അബിക്കും അദ്ദേഹത്തിന്റേതായ ഇടമുണ്ടായിരുന്നു. പ്രിയപ്പെട്ട അബിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.






