
അംബാല: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും, വളര്‍ത്തു മകളുമായ ഹണീപ്രീത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി. തനിക്കെതിരായ കേസ് വാദിക്കാന്‍ അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലെന്ന് അതിനാല്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് കത്ത്.
ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് ഇന്സാന് കത്തെഴുതിയത്. പ്രത്യേക അന്വേഷണ സംഘം ഹണിപ്രീതിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല് വിചാരണ ഡിസംബര്‍ ഏഴിനാണ് ആരംഭിക്കുന്നത്.
അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്നും, അതിനാല്‍ പണം പിന്‍വലിക്കാന്‍ അഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുകള്‍ പുനസ്ഥാപിക്കാണമെന്നും ഹണിപ്രീത് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബലാത്സംഗ കേസില്‍ ഗുര്‍മീത് ജയിലിലായതിനു പിന്നാലെ പഞ്ചകുലയില്‍ ഉള്‍പ്പെടെ പടര്‍ന്ന കലാപം ആസൂത്രണം ചെയ്തുവെന്നാണ് ഹണിപ്രീത് ഇന്‍സാനു നേരെയുള്ള കേസ്. 38 ദിവസം ഒളിവില്‍ കഴിഞ്ഞതിനു ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ഹണിപ്രീത് അറസ്റ്റിലായത്.
കലാപത്തിനായി ഹണിപ്രീത് ഒന്നരക്കോടി രൂപ നല്‍കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രാജ്യദ്രോഹക്കുറ്റം, കലാപം ആസൂത്രണം ചെയ്യല്‍, ഗുര്‍മീതിനെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.






