
ന്യുഡല്‍ഹി: വിജയ് മല്യയേയും ലളിത് മോഡിയേയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. എന്തുകൊണ്ടാണ് ഇരുവരേയും തിരിച്ചു കൊണ്ടുവരാത്തതെന്ന് സുപ്രീം കോടതി ആരാഞ്ഞു. എന്തു കൊണ്ടാണ് ഈ മനോഭാവമെന്നും സുപ്രീം കോടതി ഉത്തരവുകളെപ്പോലും മാനിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്.
മല്യയേയും മോഡിയേയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയേയും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ എട്ട് മാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ പറയണം. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്? കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോട് കോടതി ചോദിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ വിളിച്ചുവരുത്തി വിശദീകരണം തേടേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ബുഷ് ഫുഡ്സ് ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രമോട്ടറായിരുന്ന റിതികാ അവസ്തി ഒരു കേസില്‍ ജാമ്യം നേടിയ ശേഷം യുകെയിലേക്ക് മുങ്ങിയ കേസ് പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം.






