
ന്യൂഡല്‍ഹി: ഇന്ത്യാക്കാര്‍ക്കും തിബറ്റുകാര്ക്കും വിശുദ്ധ നദിയായി കണക്കാക്കുന്ന ബ്രഹ്മപുത്ര നദി വഴി തിരിച്ചുവിടുന്നതിന്റെ തെളിവ് പുറത്ത്. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവ് പുറത്തുവന്നിരിക്കുന്നത്.
നദിയില്‍ ചൈന പുതിയ ഡാം നിര്‍മ്മിച്ചതായി വെളിപ്പെടുത്തുന്ന രീതിയിലുള്ള ഉപഗ്രഹങ്ങളുടെ ചിത്രമാണ് പുറത്തുവരുന്നത്. നേരത്തെയും ഇന്ത്യ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ ഇതിന് ബലമേകുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പെയ്സ് ഇമേജറി ഡിജിറ്റല്‍ ഗ്ലോബ് എന്ന സ്ഥാപനമാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
നദിയിലെ ജലം കൊണ്ടുപോകുന്നതിനായി 900 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങളില്‍ പറയുന്നു.
നേരത്തെ കിഴക്കന്‍ നഗരങ്ങളിലൂടെ ഒഴുകുന്ന നദിയില്‍ കലങ്ങിയ ജലം വന്നതിനെതിരെ ബ്രഹ്മപുത്രയില്‍ ഡാം നിര്‍മ്മിക്കുന്നതായി സംശയം ഉന്നയിച്ചിരുന്നു. ഷാനന് ടൗണിന് 60 കിലോമീറ്റര്‍ കിഴക്കും, സംഗ്രി കൗണ്ടിയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കുമാണ് ഡാമിന്റെ നിര്‍മ്മാണമെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് എഞ്ചിനീയര്‍മാര്‍ സര്‍ക്കാരിനു മുന്നില്‍ ബ്രഹ്മപുത്ര നദിയില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചത്.
ബ്രഹ്മപുത്ര നദിയില്‍നിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാര്‍ലുങ് ടിസാങ്പോയില്‍നിന്ന് ഷിന്‍ജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്നാണ് ടണല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
1000 കോടി മുതല്‍ 1500 കോടി വരെ ടണ്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ടണലിന്റെ നിര്‍മ്മാണത്തിന് 9.76 ലക്ഷം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി.എന്നാല്‍ ചൈന ബ്രഹ്മപുത്രയില്‍ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.