
കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അനില്‍കുമാറാണ് വിധിപ്രസ്താവിച്ചത്. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ വേണമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കുകയായിരുന്നു. മറ്റു കുറ്റങ്ങളില്‍ ഏഴു വര്‍ഷം തടവും പത്തു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ച ശേഷം ഒടുവിലായിട്ടായിരുന്നു വധശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകവും ബലാത്സംഗവും അതിക്രമിച്ചു കടക്കലും കോടതി ശരിവെച്ചു.
കേസ് കേന്ദ്ര ഏജന്‍സിയെക്കൊണ്ടു പുനഃരന്വേഷിക്കണമെന്ന അമീറിന്റെ അഭിഭാഷകന് ബി.എ. ആളൂര്‍ സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്നലെ തന്നെ തള്ളിയിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കനാല്‍പ്പുറമ്പോക്കിലെ വീട്ടില്‍ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഏപ്രില്‍ 28 ന് വൈകിട്ട് 5.45 നും 6.15 നും മധ്യേയാണ് സ്വന്തം വീട്ടില്‍വെച്ച് ജിഷ കൊല്ലപ്പെട്ടത്. മാസങ്ങള്‍ എടുത്തായിരുന്നു വിചാരണ പൂര്‍ത്തിയായത്.
സ്ത്രീ സുരക്ഷയില്‍ സര്‍ക്കാരിന് ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷ കേസ് വിധിയെന്ന് പിണറായി
തിരുവനന്തപുരം : സ്ത്രീസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. സംഭവം അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ല എന്നും അത് നടക്കാന്‍ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍നിന്നും വിധിയില്‍നിന്നും തെളിയുന്നത്. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ത്തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാന്‍ നിശ്ചയിച്ചത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നതിനാലാണ്. നിഷ്പക്ഷവും നീതിപൂര്‍വുമായ രീതിയില്‍ യാതൊരു സ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്.
സര്‍ക്കാരിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മുമ്പ് ഇരുട്ടില്‍ തപ്പുകയായിരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തിയതും കുറ്റവാളിയെ പിടികൂടിയതും നിയമത്തിനുമുമ്പില്‍ കൊണ്ടുവന്നതും.
കോണ്‍ഗ്രസ് കേന്ദ്രത്തിലേറിയാല് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് രാഹുല്‍
തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.
വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 'പടയൊരുക്കം' മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരേ ഹൈക്കോടതിയില്‍ പോകുമെന്ന് ആളൂര്‍
കൊച്ചി: ജിഷാ വധക്കേസില്‍ പുറത്തു വന്നത് സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയെന്ന് പ്രതിഭാഗം അഭിഭാഷകന് ബിഎസ് ആളൂര്‍. നട്ടെല്ലില്ലാത്ത കീഴ്ക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്കെതിരേ രാജ്യത്തെ ഉന്നത നീതിപീഡത്തെ സമീപിക്കുമെന്നും ആളൂര്‍. വധശിക്ഷ ആയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുന്നു. കീഴ്ക്കോടതിയിലെ വിധി കോടതി വികാരത്തിന് അടിമപ്പെട്ടതിനെ തുടര്‍ന്നുണ്ടായതാണെന്നും പറഞ്ഞ
ജിഷാവധക്കേസില്‍ പ്രതി അമീര്‍ ഉള് ഇസ്ളാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയാണ് നടത്തിയ പ്രതികരണത്തിലാണ് ആളൂര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. കീഴ്ക്കോടതികളെ നട്ടെല്ലില്ലാത്ത കോടതികള്‍ എന്ന് ആക്ഷേപിച്ച ആളൂര്‍ സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പേടിച്ച് പുറപ്പെടുവിച്ച വിധിയാണിതെന്നും നട്ടെല്ലുള്ള ജഡ്ജിമാര്‍ ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നും പറഞ്ഞു. ഈ കേസില്‍ പ്രതിഭാഗത്തിന്റെ യാതൊരു വാദങ്ങളും വിധിപ്രസ്താവ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ചൈന ബ്രഹ്മപുത്ര നദി വഴി തിരിച്ചുവിടുന്നു: ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഇന്ത്യാക്കാര്‍ക്കും തിബറ്റുകാര്ക്കും വിശുദ്ധ നദിയായി കണക്കാക്കുന്ന ബ്രഹ്മപുത്ര നദി വഴി തിരിച്ചുവിടുന്നതിന്റെ തെളിവ് പുറത്ത്. ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവ് പുറത്തുവന്നിരിക്കുന്നത്.
നദിയില്‍ ചൈന പുതിയ ഡാം നിര്‍മ്മിച്ചതായി വെളിപ്പെടുത്തുന്ന രീതിയിലുള്ള ഉപഗ്രഹങ്ങളുടെ ചിത്രമാണ് പുറത്തുവരുന്നത്. നേരത്തെയും ഇന്ത്യ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ ഇതിന് ബലമേകുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പെയ്സ് ഇമേജറി ഡിജിറ്റല്‍ ഗ്ലോബ് എന്ന സ്ഥാപനമാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.
നദിയിലെ ജലം കൊണ്ടുപോകുന്നതിനായി 900 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം നിര്‍മ്മിക്കുവാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങളില്‍ പറയുന്നു.
നേരത്തെ കിഴക്കന്‍ നഗരങ്ങളിലൂടെ ഒഴുകുന്ന നദിയില്‍ കലങ്ങിയ ജലം വന്നതിനെതിരെ ബ്രഹ്മപുത്രയില്‍ ഡാം നിര്‍മ്മിക്കുന്നതായി സംശയം ഉന്നയിച്ചിരുന്നു. ഷാനന് ടൗണിന് 60 കിലോമീറ്റര്‍ കിഴക്കും, സംഗ്രി കൗണ്ടിയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്കുമാണ് ഡാമിന്റെ നിര്‍മ്മാണമെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് എഞ്ചിനീയര്‍മാര്‍ സര്‍ക്കാരിനു മുന്നില്‍ ബ്രഹ്മപുത്ര നദിയില്‍ തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചത്.