
കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ ചൂട് കൂടുതൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ഏപ്രിൽ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പമുള്ള വായു തുടരുന്നതിനാൽ, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.






