
ബംഗളുരു: ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവല്‍സരദിന പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാര്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നടപടി. പുതുവല്‍സരദിനത്തില്‍ ബംഗളുരുവില്‍ സംഘടിപ്പിച്ചിരുന്ന സണ്ണിയുടെ നൃത്തപരിപാടിക്കാണ് അനുമതി നിഷേധിച്ചത്.
എന്നാല്‍ സണ്ണി ലിയോണ്‍ എത്തുന്നതില്‍ പ്രതിഷേധിച്ച് ചില സംഘടനകള്‍ ഇക്കഴിഞ്ഞ ഏഴിന് ബംഗളുരൂവില്‍ മാര്‍ച്ച് നടത്തിയിരുന്നു. താരം കര്‍ണാടകയില്‍ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കര്‍ണാടക രക്ഷണ വേദികെയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ചില സംഘടനകളിലെ പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തുവന്നത്.
ഓഗസ്റ്റില്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ മൊബൈല്‍ ഷോറും ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടായതും തീരുമാനം വിശദീകരിക്കവെ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സണ്ണി നൈറ്റിന് 2999- 7999 നിരക്കില്‍ ടിക്കറ്റുകള്‍ ഭൂരിഭാഗവും ഉയര്‍ന്നിരുന്നു. വിലക്കിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് പകരം സണ്ണിയെ കേരളത്തിലേയ്ക്ക് ക്ഷണിച്ച് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.





