
ഒട്ടേറെ സാധ്യതകളുള്ള മേഖലയാണ് എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ്. മറ്റ് പാഠ്യവിഷയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ പ്രചാരം പരിമിതമാണെന്നു കാണാം. ഭാവിയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഈ രംഗത്ത് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ക്ക് പ്രസക്തി വര്‍ധിച്ചുവരികയാണിന്ന്.
വ്യവസായമേഖലയില്‍ എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് സിസ്റ്റംസ് എന്നത് വളരെ പ്രധാനപ്പെട്ട മേഖലയാണ്. സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങളും പ്രവര്‍ത്തനഘടനയും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുകയും പോളിസി രൂപപ്പെടുത്തുകയുമാണ് ചുമതല.
സര്‍ക്കാര്‍തലത്തില്‍ തന്നെ പരിസ്ഥിതി സംരക്ഷണവും ബോധവല്‍ക്കരണവും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുണ്ട്. ഈ മേഖലയില്‍ പരിശീലനം നേടിയ പ്രൊഫഷണലുകള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളെന്നപോലെ രാജ്യാന്തര കമ്പനികളിലും എന്‍.ജി.ഒ.കളിലും ഒട്ടേറെ അവസരങ്ങളുണ്ട്. പാരിസ്ഥിതിക കോഴ്സുകളില്‍ കണ്‍സര്‍വേഷന്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ കോഴ്സുകള്‍ എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.
കേരളത്തിനകത്തും പുറത്തും എന്‍വയോണ്‍മെന്റ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (കോട്ടയം), കേരള യൂണിവേഴ്സിറ്റി (തിരുവനന്തപുരം), ശിവാണി യൂണിവേഴ്സിറ്റി ഓഫ് മൈസൂര്‍ (മൈസൂര്‍), യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് (ചെന്നൈ), ബര്‍ക്കത്തുള്ള വിശ്വവിദ്യാലയ (ഭോപ്പാല്‍), ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡെറാഡൂണ്‍) എന്നിവിടങ്ങളില്‍ എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് കോഴ്സുകളുണ്ട്.
ലക്നൗവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ടെക്നോളജി ആന്റ് എന്‍വയോണ്‍മെന്റ് എന്നിവിടങ്ങളില്‍ കറസ്പോണ്ടന്‍സ് ഡിപ്ലോമ കോഴ്സുകളുണ്ട്.

