
തൊടുപുഴ: സിപിഎം ഏരിയ സമ്മേളനങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും പാതയോരങ്ങളിലും നിറഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ പോസ്റ്ററുകളില്‍ ലെനിനും സ്റ്റാലിനും മാവോയും മാത്രമല്ല ഉത്തരകൊറിയന്‍ സ്വേഛാധിപതി കിംഗ് ജോങ് ഉന്നും തരംഗമായിരിക്കുകയാണ്.
സിപിഎം ഫ്ളക്സില്‍ കിങ് ജോങ് ഉന്‍ ഇടംപിടിച്ചതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. മോര്‍ഫിങ് അല്ലാത്രേ.. ഒറിജിനല്‍ ആണത്രേ.. കിം ഇല് സുല്‍ കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്നു തോന്നുന്നുവെന്നാണ് വിടി ബല്‍റാം പരിഹസിക്കുന്നത്.
പാര്‍ട്ടിയുടെ നെടുങ്കണ്ടം ഏരിയയിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രം അടങ്ങിയ പോസ്റ്ററുകളില്‍ കിംഗ് ജോങ് ഉന്‍ താരമായിരിക്കുന്നത്. ഡിസംബര്‍ 16-17 തീയതികളിലാണ് സമ്മേളനമെന്ന് കിംഗ് ജോംഗ് ഉന്‍ ചെമല ഫ്ളക്സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ക്രൂരതയുടെ പര്യായമെന്ന് വിശേഷണമുള്ള ഉത്തരകൊറിയന്‍ ഏകാധിപതിയെ പോസ്റ്ററില്‍ ചേര്‍ത്തതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും, സമ്മേളന പ്രതിനിധികള്‍ക്കിടയിലും അമര്‍ഷം ഉയരുന്നുണ്ട്.
യേശു ക്രിസ്തുവും മദര്‍ തെരേസയും അല്ഫോണ്സാമ്മയും സ്വാമി വിവേകാനന്ദനുമടക്കം നിരവധി മതനേതാക്കളും സിപിഎം പോസ്റ്ററുകളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിലെ സത്യമെന്താണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
മോർഫിംഗ് അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ!
കിം ഇൽ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു!!






