
ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിട്ടും രാജ്യസഭയിലെ തന്റെ അസാന്നിധ്യം കൊണ്ട് ഏറെ വിമര്‍ശിക്കപ്പെട്ട സച്ചിന് തെണ്ടുല്‍ക്കര്‍ ഇന്ന് സഭയില്‍ ആദ്യമായി സംസാരിക്കുന്നു. 'കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേളയുടെ ഭാവിയും' എന്ന വിഷയത്തെ കുറിച്ചാണ് സച്ചിന് സംസാരിക്കുക. സഭയുടെ അനുമതി തേടിയുള്ള നോട്ടീസ് സമര്‍പ്പിച്ച സച്ചിന് ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ വിഷയം അവതരിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
രാജ്യസഭയിലേയ്ക്ക് 2012 ലാണ് സച്ചിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍, സഭയിലെ സച്ചിന്റെ അസാന്നിധ്യം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും സഭയിലെ അസാന്നിധ്യം തുടര്‍ന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ, അംഗത്വ കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്കായി താരം ആദ്യമായി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റിലായിരുന്നു ഇതിനു മുന്‍പ് സച്ചില്‍ സഭയില്‍ എത്തിയത്. എന്നാല്‍, അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ അദ്ദേഹം പങ്കെടുത്തിരുന്നില്ല. സച്ചിനൊപ്പം ബോളിവുഡ് താരം രേഖയുടെയും അസാന്നിധ്യം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.






