
റോത്തഹ്: ഹരിയാനയുടെ തണുത്ത ട്രാക്കില്‍ പടപൊരുതി കേരളം കിരീടം നിലനിര്‍ത്തി. റോത്തക്കില്‍ നടന്ന ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ തുടര്‍ച്ചയായ 20-ാം തവണയും കേരളം കിരീടം നിലനിര്‍ത്തി ചാംപ്യന്കുതിപ്പ് തുടരുകയാണ്.
കനത്ത വെല്ലുവിളി ഉയര്‍ത്തിയ ആതിഥേയരായ ഹരിയാനയെ മറികടന്നാണ് കേരളത്തിന്റെ കൗമാരകുതിപ്പ് ചാംപ്യന്‍പട്ടം നിലനിര്‍ത്തുന്നത്. തുടര്‍ച്ചയായ ഇരുപതാം തവണയാണ് കേരളം കിരീടം നേടുന്നത്. 80 പോയിന്റുകള്‍ നേടിയാണ് കേരളത്തിന്റെ കിരീടനേട്ടം. മീറ്റില്‍ കേരളം ഒന്‍പതു സ്വര്‍ണ്ണം നേടി. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 1500 മീറ്ററില്‍ കേരളത്തിന്റെ അനുമോള്‍ തമ്പിയും, ആദര്‍ശ് ഗോപിയും സ്വര്‍ണ്ണം നേടി. രണ്ടു പേരും എറണാകുളം മാര്‍ബേസിലിന്റെ താരങ്ങളാണ്. 1500 മീറ്ററില്‍ കേരളത്തിന്റെ തന്നെ കെ.ആര് ആതിരയ്ക്കാണ് വെള്ളി. 200 മീറ്ററില്‍ ആര്. അശ്വിന്് വെള്ളിയും നേടി. ആതിഥേയരായ ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
ദേശീയ സ്കൂള്‍ മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഇന്നലെ ഹരിയാനയെ മറികടന്ന് കേരളം മുന്നേറിയപ്പോള്‍ ഹരിയാന താരങ്ങള്‍ കേരള ക്യാംപില്‍ കയറി താരങ്ങളെ മര്‍ദ്ദിച്ചിരുന്നു. കേരളാ ക്യാപ്റ്റന്‍ പി.എന്‍ അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് ഹരിയാന രംഗത്ത് എത്തുകയും ചെയ്തു.






