
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയുടെ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന് നടത്തിയ വെടിവയ്പില്‍ മൂന്ന് ജവാന്മാക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരു ഓഫീസറും ഉള്‍പ്പെടും. അതുകൂടാതെ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കശ്മീരിലെ കെറി സെക്ടറിലാണ് വെടിവയ്പുണ്ടായത്. യാതൊരു പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുമായി യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാന് കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ ആക്രമണം.
എന്നാല്‍ പാക്കിസ്താന് ഭീകരര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നല്കുന്ന പിന്തുണ അവസാനിപ്പിച്ചാല്‍ സമാധാന ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് പൂര്‍ണ സമ്മതമാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് മറുപടി നല്‍കുകയും ചെയ്തു.






