ന്യൂഡല്‍ഹി: ഉദ്ഘാടന ദിവസം അവധിയെടുത്ത് ആശുപത്രിയില്‍ എത്താതിരുന്ന ഡോക്ടറോട് നക്സലാകാന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി. മഹാരാഷ്ട്രയിലെ നക്സല്‍ ബാധിത പ്രദേശമായ ചന്ദ്രാപൂര്‍ ജില്ലയില്‍ ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേന്ദ്രസഹമന്ത്രി ഹാന്‍സ്രാജ് അഹിര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ഉദ്ഘാടനത്തിന് മുതിര്‍ന്ന സിവില്‍ സര്ജന് കൂടിയായ ഡോക്ടര്‍ ചടങ്ങില്‍ എത്തിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡോക്ടര്‍ അവധിയിലാണെന്ന് മന്ത്രി അറിയുന്നത്. കോപാകുലനായ മന്ത്രി താന്‍ ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്നയാളാണെന്നും ഇത്തരം ചടങ്ങില്‍ നിന്നും എങ്ങിനെ ഒരു ഡോക്ടര്‍ വിട്ടു നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തില്‍ വിശ്വാസമില്ലെങ്കില്‍ പോയി നക്സലിസത്തില്‍ ചേരു. അങ്ങിനെ എങ്കില്‍ നിങ്ങളെ വെടിവെച്ച് കൊല്ലാന്‍ സാധിക്കുമല്ലോ. ഇവിടെ മരുന്നുകള്‍ വിതരണം ചെയ്യണമെന്നില്ല. നക്സലിസം ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






