
മൊറീന: പന്ത്രണ്ടു വയസ്സുകാരിയെ വിവാഹം കഴിക്കാന്‍ ഗ്രാമമുഖ്യന് കാണിച്ച താല്പര്യം അയാള്‍ക്ക് തന്നെ വിനയായി. ദരിദ്ര കുടുംബത്തിലെ പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ ശ്രമിച്ച ഗ്രാമത്തലവന് ജഗനാഥ് മവായിയാണ് പ്രതിക്കൂട്ടിലായത്. ഇയാളെ പദവിയില്‍ നിന്നു നീക്കുകയും ആറു വര്‍ഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം വിലക്കുകയും ചെയ്തു.
മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് സംഭവം. ഡിസംബര്‍ 11നാണ് കൗമാരിക്കാരിയുമായി 51കാരനായ ജഗനാഥിന്റെ രണ്ടാം വിവാഹം നടത്താന്‍ നിശ്ചയിച്ചത്. ഭാവി ഭാര്യയുമായി യാത്ര ചെയ്യാന്‍ തന്റെ ഗ്രാമമായ ബരാര്‍ ജഗീറില് ഒരു താല്‍ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിക്കുന്നതിനും ഇയാള്‍ അനുവാദം തേടിയിരുന്നു. ഇതിനുള്ള അനുമതിയുമായി എത്തുമ്പോഴാണ് വധു പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അധികൃതര്‍ക്ക് സൂചന ലഭിക്കുന്നത്. ഇതോടെ അവസാന നിമിഷം വിവാഹ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.
വിവരം അറിഞ്ഞതോടെ ജില്ലാ പഞ്ചായത്തും ശിശുക്ഷേമ വകുപ്പും ഇടപെട്ടു. സ്കൂളിലെത്തി കുട്ടിയുടെ രേഖ പരിശോധിച്ചപ്പോഴാണ് പന്ത്രണ്ടു വയസ്സ് മാത്രമാണ് ഉള്ളതെന്ന് ബോധ്യമായത്. 2010ലാണ് കുട്ടി ഒന്നാം ക്ലാസില്‍ ചേര്‍ന്നതെന്ന് കലക്ടര്‍ ഭാസ്കര്‍ ലഷ്കര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ സോണിയ മീണയാണ് ജഗനാഥിനെതിരെ നടപടി സ്വീകരിച്ചത്. ഗ്രാമമുഖ്യന് എന്ന പദവിയില്‍ നിന്നു നീക്കുകയും ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്തതായി മീണ പറഞ്ഞു. മധ്യപ്രദേശ് പഞ്ചായത്ത് രാജ് അവം ഗ്രാമ സ്വരാജ് ആക്ട് പ്രകാരമാണ് നടപടി.
ഇത്രയും ഉത്തരവാദിത്തമുള്ള പദവിയില്‍ ഇരുന്ന് തികച്ചും നിരുത്തരവാദപരമായാണ് ജഗനാഥ് പ്രവര്‍ത്തിച്ചതെന്ന് മീണ പറഞ്ഞു. ശൈവ വിവാഹ നിരോധന നിയമവും ഹിന്ദു വിവാഹ നിയമവും ഇയാള്‍ ലംഘിച്ചിരിക്കുകയാണ്. ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ രണ്ടാമത് വിവാഹം ചെയ്യാന്‍ ശ്രമിച്ചതുവഴിയാണ് ഹിന്ദു വിവാഹ നിയമം ലംഘിച്ചത്. മറ്റു നിയമനടപടികളും ജഗനാഥിനെതിരെ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ജഗനാഥിനെതിരെ അയാളുടെ ആദ്യഭാര്യയോ പെണ്‍കുട്ടിയോ അവളുടെട കുടുംബാംഗങ്ങളോ ആരും തന്നെ പരാതി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.






