
തിരുവനന്തപുരം: വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചു. ജയിലിൽ വെച്ചുതന്നെ സത്യപ്രതിജ്ഞ നടത്താൻ കഴിയില്ലേ എന്ന ചോദ്യമാണ് കോടതി സർക്കാരിനോട് ഉന്നയിച്ചത്. വിഷയത്തിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശിച്ചു.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുഗതനെ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ജയിലിൽ സത്യപ്രതിജ്ഞ നടത്താനുള്ള സാധ്യതയെക്കുറിച്ച് കോടതി ചോദിച്ചെങ്കിലും സർക്കാർ ഇതുവരെ മറുപടി അറിയിച്ചിട്ടില്ല. സുഗതനെതിരായ കാപ്പ കേസ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളാണ് ജയിൽമോചനത്തെ എതിർക്കാൻ സർക്കാർ ചൂണ്ടിക്കാട്ടിയത്.
2023 ജൂലൈ 17-ന് ഭർത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസും, 2025 മാർച്ച് 14-ന് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച മനഃപൂർവമല്ലാത്ത നരഹത്യശ്രമ കേസും, 2025 ജൂലൈ 25-ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും, 2026 ഫെബ്രുവരി 2-ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനച്ചടങ്ങ് തടസ്സപ്പെടുത്തിയ കേസും ഉൾപ്പെടെ നിരവധി കേസുകളിൽ സുഗതൻ പ്രതിയാണ്.
ഈ കേസുകൾ നിലനിൽക്കെയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴോട്ടുകോണം വാർഡിൽ ബിജെപി സുഗതനെ സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ ദിവസമാണ് സുഗതന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.






