
വാഷിംഗ്ടൺ: അമേരിക്കയുമായി വീണ്ടും ചർച്ചകൾ നടത്താൻ ഇറാൻ താത്പര്യം പ്രകടിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള താല്ക്കാലിക വെടിനിർത്തൽ ഇതോടെ "അവസാനിച്ചതായി" ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പുറത്തുവിട്ട പുതിയ കുറിപ്പിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
തന്റെ ഔദ്യോഗിക പേജിൽ പൂർണ്ണമായും വലിയ അക്ഷരങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് ഇപ്രകാരം വ്യക്തമാക്കി: "ചർച്ചകൾ തുടരാൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് നമ്മൾ സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ വെടിനിർത്തലിന്റെ കാലാവധി അവസാനിച്ചുവെന്ന് ഒട്ടും സംശയമില്ലാത്ത ഭാഷയിൽ അമേരിക്ക അവരെ അറിയിച്ചിട്ടുണ്ട്! ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി. പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്."
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും, ഇറാനെതിരെയുള്ള നിലപാട് കർശനമാക്കുമെന്ന സൂചനയാണ് വെടിനിർത്തൽ അവസാനിച്ചെന്ന പ്രഖ്യാപനത്തിലൂടെ ട്രംപ് നൽകുന്നത്.
കഴിഞ്ഞ ജൂൺ 17-ന് ഒപ്പുവെച്ച ധാരണാപത്രത്തെ തുടർന്ന് 60 ദിവസത്തെ ചർച്ചാ കാലാവധി നിലവിലുണ്ടായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി, ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ യുഎസും ഇറാനും പരസ്പരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വലിയ തോതിൽ വർദ്ധിക്കുന്നതിന് കാരണമായി. എങ്കിലും നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാനാണ് അമേരിക്കയുടെ തീരുമാനം എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.






