
മുംബൈ: ആയിരം റണ്‍സ് അടിച്ച് വാര്‍ത്ത സൃഷ്ടിച്ച അത്ഭുത ബാലന് പ്രണവ് ധന്‍വാഡെ കളി അവസാനിപ്പിച്ചു. ആയിരം റണ്‍സ് അടിച്ചതിന് പിന്നാലെ പ്രണവിന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് പ്രണവിന് 10,000 രൂപ പ്രതിമാസ സ്കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. ഇത് തിരിച്ചു നല്‍കുന്നതായി മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ പ്രണവിന്റെ അച്ഛന് വ്യക്തമാക്കി.
ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന 117 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പ്രണവ് തന്റെ പേരിലാക്കിയത്. 32 പന്തില്‍ നിന്ന് 59 സിക്സറുകളും 129 ഫോറുകളും അടങ്ങുന്നതായിരുന്നു പ്രണവിന്റെ 1009 റണ്‍സ് ഇന്നിങ്സ്. ക്രിക്കറ്റില്‍ പ്രണവൊഴികെ ആരും ഒരു ഇന്നിങ്സില്‍ 1000 റണ്‍സ് നേടിയിട്ടില്ല. മുംബൈ ക്രിക്കറ്റ് അസോസിയേഷന് സംഘടിപ്പിച്ച എച്ച്ടി ഭണ്ഡാരി കപ്പ് ഇന്റര്‍ സ്കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് പ്രണവ് റെക്കോര്‍ഡ് തകര്‍ത്തത്.
കല്യാന് കെസി ഗാന്ധി സ്കൂളും ആര്യ ഗുരുകുല സ്കൂളും തമ്മിലായിരുന്നു മത്സരം. തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഫോം നഷ്ടപ്പെട്ടതാണ് പ്രണവ് കളി നിര്‍ത്താന്‍ കാരണം. ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ എംസിഎ അണ്ടര്‍ 16 ടീമില്‍ നിന്നും പ്രണവിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകന് രാഹുല്‍ ദ്രാവിഡിനെ കാണാന്‍ പ്രണവ് ബംഗളുരുവില്‍ പോയിരുന്നു. എന്നാല്‍ അവിടെ നിന്നും ആത്മവിശ്വാസം നഷ്ടപ്പെട്ടാണ് താരം മടങ്ങിയത്.
റെക്കോര്‍ഡ് പ്രകടനത്തിന് ശേഷം മാധ്യമശ്രദ്ധ കൂടിയതോടെ പ്രണവിന് ഫോക്കസ് നഷ്ടപ്പെട്ടതാണ് തിരിച്ചടിക്ക് കാരണമെന്ന് പരിശീലകന് മൊബിന് ഷെയ്ഖ് പറഞ്ഞു. പ്രണവിന്റെ ഫോം വീണ്ടെടുക്കാന്‍ തങ്ങളാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്നും പരിശീലകന് പറഞ്ഞു.







Comments