
ബലിപെരുന്നാളും പുതുവര്‍ഷ പുലരിയും ഒത്തൊരുമിച്ചനാളിലാണ് അമേരിക്കന്‍ ശക്തികള്‍ സദ്ദാമിന്റെ കഴുത്തില്‍ തൂക്കുകയര്‍ കുരുക്കിയത്. 2006 ഡിസംബര്‍ 30 ന് അമേരിക്കന്‍ സൈന്യം സ്ഥാപിച്ച ഇടക്കാല സര്‍ക്കാര്‍ വിചാരണക്കൊടുവിലാണ് സദ്ദാമിനെ തൂക്കിലേറ്റിയത്. സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിന് നേതൃത്വം കൊടുത്തത് മുന്‍ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മുവഫഖ് അല്‍റുബായി ആയിരുന്നു.
സദ്ദാമിന്റെ അന്ത്യ നിമിഷങ്ങളെ അദ്ദേഹം വിവരിച്ചത് ഇങ്ങനെയാണ്, അയാള്‍ ഒരു ക്രമിനലും കൊലപാതകിയും കശാപ്പുകാരനും ആയിരിക്കാം. പക്ഷെ അവസാന നിമിഷം വരെ ഉറച്ച മനസോടെയാണ് സദ്ദാം നിലകൊണ്ടത് അല്‍റുബായി ഓര്‍മിക്കുന്നു. കൊലമരത്തിലേക്ക് നടക്കുമ്പോള്‍ താന്‍ ചെയ്തുകൂട്ടിയ പാപങ്ങളില്‍ അദ്ദേഹം അല്പമെങ്കിലും പശ്ചാത്തപിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ അതുണ്ടായില്ല. അയാള്‍ മാപ്പപേക്ഷിച്ചതുമില്ല. റുബായി പറയുന്നു.
ശിക്ഷ നടപ്പാക്കുന്ന സമയത്ത് അമേരിക്കക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഒരു തൂവെള്ള ഷര്‍ട്ടും ജാക്കറ്റുമായിരുന്നു അയാളുടെ വേഷം. ഭയത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ല. പശ്ചാത്താപത്തിന്റെ ഒരു വാക്കുപോലും അയാള്‍ ഉരിയാടിയില്ല. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ സദ്ദാമിന്റെ കൈയ്യില്‍ ഒരു ഖുര്‍ആന്‍ ഉണ്ടായിരുന്നു. ജഡ്ജിയുടെ മുറിയിലെത്തിച്ച് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. അപ്പോള്‍ സദ്ദാം ഉറക്കെ വിളിച്ചുപറഞ്ഞു. അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, പലസ്തീന് നീണാള്‍വാഴട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ക്ക് മരണം.
പിന്നീട് തൂക്കിലേറ്റാനുള്ള മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അയാള്‍ ഒന്നു നിന്നു. തൂക്കുമരത്തിലേക്ക് നോക്കിയ ശേഷം എന്നെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്ക് ഉള്ളതാണ്. കാലുകള്‍ ബന്ധിച്ച അദ്ദേഹത്തെ ഞാനും സഹായികളും വലിച്ചിഴച്ച് തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിന് മുന്‍പ് സദ്ദാം സത്യസാക്ഷ്യം ചൊല്ലി. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്. അവന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന രണ്ടാമത്തെ വചനം പൂര്‍ത്തിയാക്കും മുന്‍പ് ലിവര്‍ വലിച്ചു. ആദ്യം ലിവര്‍ വലിച്ചത് ഞാനാണ്. എന്നാല്‍ അത് ശരിയായില്ല. പിന്നീട് മറ്റൊരാള്‍ വലിച്ച് ശിക്ഷ നടപ്പാക്കി.
മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്ക് മാറ്റി. സൂര്യന് ഉദിക്കുന്നതിന് മുന്‍പ് സദ്ദാമിന്റെ മൃതദേഹവുമായി ഞങ്ങള്‍ ഹെലികോപ്റ്ററില്‍ ബാഗ്ദാദിന് മുകളിലൂടെ പറന്നു. റുബായി ഓര്‍മകള്‍ അയവിറക്കി. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ അുടപ്പക്കാരനായ അല്‍റുബായി സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തന്നെ വളരെയേറെ ക്രൂശിച്ച സദ്ദാം തൂക്കുകയറിന് മുന്പില് നില്‍ക്കെ തനിക്ക് പകയൊന്നും തോന്നിയില്ലെന്ന് റുബായി പറഞ്ഞു.
ഇറാഖിലെ ത്രൈക്രിത്തിലെ അല്‍ ഔജ് ഗ്രാമത്തില്‍ 1937 ഏപ്രില്‍ 28നാണ് സദ്ദാം ജനിക്കുന്നത്. അദ്ദേഹത്തിന് മൂന്ന് മാസം പ്രായമായപ്പോള്‍ പിതാവ് മരണപ്പെട്ടു. സ്നേഹനിധിയായ മാതാവ് സൗദയാണ് മകനെ വളര്‍ത്തിയത്. അധികം വൈകാതെ മാതാവ് പുനര്‍വിവാഹിതയായി. രണ്ടാനച്ഛന് ഇബ്രാഹിം ഹസ്സന്. കുട്ടിയെ കണ്ണെടുത്താല്‍ കണ്ടുകൂടാ. വളര്‍ന്നു വരുന്ന സദ്ദാമിനെ പല വിധത്തിലും ഉപദ്രവിച്ചുകൊണ്ടിരുന്നു. തെറ്റായ പാഠങ്ങള്‍ നല്കി മാനസികമായും ശാരീരികമായും പീഡിപ്പിക്കുക പതിവാക്കി. പത്താം വയസ്സില്‍ തന്റേതായ സ്വപ്ന ലോകത്ത് സദ്ദാം സഞ്ചരിക്കാന്‍ തുടങ്ങി. വര്‍ണ്ണ പകിട്ടാര്‍ന്ന ഭാവനകള്‍ ഒന്നൊന്നായി വലനെയ്തു. മകന്റെ വിഷമം കണ്ടറിഞ്ഞ് സൗദ അവനെ ബാഗ്ദാദിലുള്ള അമ്മാവന് ഖൈറുള്ള തുല്‍ഫയുടെ അരികിലേക്കയച്ചു. ഇറാഖില്‍ ബ്രിട്ടീഷ് വിരുദ്ധ തരംഗം അലയടിക്കുന്ന സമയമായിരുന്നുവത്.
ഇറാഖ് ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ഖൈറുള്ള. സ്നേഹസമ്പന്നനും പുരോഗമന വാദിയുമായിരുന്നു. അനന്തിരവന് വേണ്ടുന്ന എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുത്തു. മനസ്സില്‍ എപ്പോഴും സൈനിക മോഹം വെച്ചുപുലര്‍ത്തിയിരുന്ന സദ്ദാമിനെ അവന്റെ ആവേശം കണ്ട് സൈന്യത്തില്‍ ചേര്‍ക്കാന്‍ അദ്ദേഹം ശ്രമം നടത്തി. ബാഗ്ദാദിലെ സൈനിക അക്കാദമിയെ സമീപിച്ചെങ്കിലും വേണ്ട വിദ്യാഭ്യാസമില്ലെന്ന കാരണം പറഞ്ഞ് അവര്‍ നിരസിച്ചു. സ്കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തവനായിരുന്നു സദ്ദാം.
സദ്ദാം എപ്പോഴും ചിരിച്ചുകൊണ്ടു നില്ക്കുന്ന സൈനിക വേഷധാരിയായിരുന്നു. ചുണ്ടില്‍ സദാ എരിയുന്ന ചുരുട്ട്. ചിലപ്പോള്‍ ജാക്കറ്റും കോട്ടും ടൈയും ധരിക്കും. പതിഞ്ഞ പട്ടാളതൊപ്പി. തുള്ളിത്തുളുമ്പുന്ന ഉത്സാഹത്തോടെ നെഞ്ചുവിരിച്ചുള്ള നടപ്പ്. സൈനിക വേഷം ധരിക്കുമെങ്കിലും സദ്ദാം യഥാര്‍ത്ഥത്തില്‍ സൈനികനേ ആയിരുന്നില്ല. സൈനിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത ഏറ്റവും വലിയ മോഹമാണ് സൈനിക വേഷവുമായുള്ള ബന്ധം. അതൊരു കഥയാണ്. പ്രതീകാത്മകത കൂടിയാണ്. അദ്ദേഹം ധരിച്ചിരുന്ന സൈനിക വേഷം അദ്ദേഹത്തിന്റെ ജീവതത്തിന്റെ അടയാളം കൂടിയാണ്. ബാല്യത്തിലെ പട്ടിണിയുടേയും പീഡനത്തിന്റെയും അവഗണനയുടേയും. പിന്നീട് എല്ലാം മറികടന്ന് അതിസാഹസികമായി ഉയരങ്ങളിലെത്തിയതിന്റെ ദൃഷ്ടാന്തവും കൂടിയാണ്. സൈനിക വേഷത്തില്‍ അദ്ദേഹത്തിന്റെ വാശിയും വൈരാഗ്യവും സ്വഭാവ സവിശേഷതകളും എല്ലാം അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
1957-ല്‍ സദ്ദാം ബാത്ത് പാര്‍ട്ടിയില്‍ അംഗമായി. ജൂലൈ 14-ന് അബ്ദുള്‍ കരീം ഖാസിമിന്റെ നേത്രത്വത്തില്‍ ഒരു സംഘം സൈനികര്‍ ഫൈസല്‍ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടര്‍ന്ന് ഖാസിമിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബാത്ത് പാര്‍ട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാല്‍ അറബ് ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതോടെ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായി. 1959-ല്‍ ഖാസിമിനെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ സദ്ദാമും പങ്കാളിയായി. പക്ഷെ വധശ്രമം പാളി. സദ്ദാമിനു വേടിയേറ്റതിനെത്തുടര്‍ന്ന് സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്റോയിലേക്കും കടന്നു.
2003-ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തില്‍ നിന്നും നിഷ്കാസിതനാക്കി. ബാത്ത് പാര്‍ട്ടിയുടെ തലവന്‍ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്കാരങ്ങള്‍, അറബ് സോഷ്യലിസം, എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം സഹായിച്ചു. ബാത്ത് പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവന്ന 1968-ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകന്‍ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബാത്ത് പാര്‍ട്ടിയെ ദീര്‍ഘകാല ഭരണത്തിലേക്ക് കൊണ്ടു വന്നത്. തന്റെ മാതുലനും അബലനായിരുന്ന പ്രസിഡന്റ് അഹ്മദ് ഹസ്സന് അല്‍-ബക്കര്‍ ന്റെ കീഴില്‍ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം സര്‍ക്കാരും സൈന്യവുമായുള്ള ഭിന്നതകള്‍ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിര്‍മ്മിച്ച സദ്ദാം തന്റെ അധികാരം സര്‍ക്കാരിനു മുകളില്‍ ഉറപ്പിച്ചു.
രാഷ്ട്രപതിയായപ്പോള്‍ സദ്ദാം ഒരു ശക്തമായ സര്‍ക്കാര്‍ രൂപവത്കരിച്ചു. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണ കാലത്താണ് ഇറാന് - ഇറാഖ് യുദ്ധം (19801988), ഗള്‍ഫ് യുദ്ധം (1991) എന്നിവ നടന്നത്. തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെ അദ്ദേഹം അടിച്ചമര്‍ത്തി. പ്രത്യേകിച്ചും വര്‍ഗ്ഗീയമായ വിഭജനങ്ങളുടെ പേരില്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ-മതപരമായ മുന്നേറ്റങ്ങളെ അദ്ദേഹം ശക്തമായി അടിച്ചമര്‍ത്തി. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടര്‍ന്നു. ഇസ്രായേലിനു എതിരായും അമേരിക്കയ്ക്ക് എതിരായും ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരിയായിരുന്നു സദ്ദാം എന്നതായിരുന്നു ഈ ജനപ്രിയതയ്ക്കു കാരണം. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു ശേഷം സദ്ദാം 2003 ഡിസംബര്‍ 13-നു പിടികൂടപ്പെട്ടു.
നവംബര്‍ 5, 2006-ല്‍ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരില്‍ അദ്ദേഹം തുക്കിക്കൊലയ്ക്കു വിധിക്കപ്പെട്ടു. സദ്ദാമിന്റെ അപ്പീല്‍ പരമോന്നത കോടതി 2006 ഡിസംബര്‍ 26-നു തള്ളി. ഡോക്ടര്‍മാര്‍, വക്കീലന്മാര്, ഭരണാധികാരികള്‍ എന്നിവരുടെ മുന്നില്‍ വെച്ച് സദ്ദാം 2006 ഡിസംബര്‍ 30 രാവിലെ 6 മണിക്ക് തൂക്കിക്കൊല്ലപ്പെട്ടു. ഹുസൈന് കൊല്ലപ്പെട്ടതോടെ വിഷവിത്തുകള്‍ ഐസിസിന്റെ രൂപത്തില്‍ വെളിയില്‍ വരികയായിരുന്നു. ഇറാനെയും സിറിയെയും ശിഥിലീകരിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങളും ഐസിസിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. സിറിയയില്‍ വിമതരെ ഇറക്കി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഐസിസിനെ വളര്‍ത്തിയത്.