
ന്യൂഡല്‍ഹി: മുത്തലാക്കിനെതിരേയുള്ള പോരാട്ടം ലോക്സഭയില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ മുസ്ളീം സ്ത്രീകളുടെ അടുത്ത പോരാട്ടം ഭര്ത്താക്കന്മാര്ക്ക് അനുവദിക്കപ്പെട്ട 'രണ്ടാം കെട്ടി' നെതിരേ. തങ്ങളുടെ പുരുഷന്മാര്ക്ക് അനുവദിച്ചിട്ടുള്ള ബഹുഭാര്യത്വത്തിനെതിരേയും വാളെടുത്തിരിക്കുന്ന അവര്‍ മുത്തലാക്ക് പോലെ ഇസ്ളാമിക പുരുഷന്മാരുടെ ബഹുഭാര്യത്വവും സര്‍ക്കാര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണ്.
സുപ്രീംകോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയില്‍ മുത്തലാക്കിനെ കൊണ്ടു വരാന്‍ കഴിഞ്ഞതും അധോസഭയില്‍ മുസ്ളീം വനിതാ അവകാശ സംരക്ഷണ ബില്‍ പാസ്സാക്കാന്‍ കഴിഞ്ഞതും പുതിയ തുടക്കം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് മൂന്ന് തലാക്ക് ചൊല്ലി കെട്ടിയവളില്‍ നിന്നും എളുപ്പത്തില്‍ രക്ഷപ്പെടുന്ന ഭര്ത്താക്കന്മാര്ക്ക് എതിരേയുള്ള മികച്ച പ്രതിരോധമാണെന്നും വിഷയം ഉയര്‍ത്തിയവര്‍ പ്രതികരിച്ചു.
മുസ്ളീം പുരുഷന്മാര് വീണ്ടും വിവാഹം കഴിക്കുന്നതിനെതിരേയാണ് പുതിയ നിയമം വേണ്ടതെന്നും ഇക്കാര്യം മുത്തലാക്കിനെക്കാള്‍ കഷ്ടമാണെന്നും അവര്‍ പറഞ്ഞു് സുപ്രീംകോടതിയില്‍ മുത്തലാക്കിനും ബഹുഭാര്യത്വത്തിനും എതിരേ പോരാട്ടം നടത്തിയ പ്രമുഖര്‍ അഭിഭാഷകരായ ഫറാ ഫൈസ്, റിസ്വാന, റസിയ എന്നിവരായിരുന്നു. മുത്തലാക്കിനെതിരേ പൊരുതാന്‍ 1985 ല്‍ കേന്ദ്രസര്‍ക്കാരിന് അവസരം കിട്ടിയതായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തോറ്റുപോകുകയായിരുന്നു.
കിട്ടിയിരിക്കുന്ന ഈ പുതിയ തുടക്കം 'നിക്കാഹ് ഹലാല' എന്ന അനാചാരത്തില്‍ നിന്നു കൂടി മുസ്ളീം സ്ത്രീകളെ രക്ഷിക്കാന്‍ ഉതകുന്നതാണെന്ന് ഫൈസ് പറയുന്നു. ഈ നിയമപ്രകാരം ഒരാള്‍ ഉപേക്ഷിച്ച ഭാര്യയെ വീണ്ടും സ്വീകരിക്കണമെങ്കില്‍ ആ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ. ആദ്യ ഭര്‍ത്താവിലേക്ക മടങ്ങിവരുന്നതിന് പിരിഞ്ഞിരിക്കുന്ന ഇടവേളയെ 'ഇദത്ത്' എന്നും വിളിക്കുന്നു. മുത്തലാക്ക് നിരോധിച്ച ബില്ലില്‍ തന്നെ ബഹുഭാര്യത്വത്തെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും റിസ്വാനയും റസിയയും പറയുന്നു.
നിലവില്‍ ഇസ്ളാമികള്ക്കുള്ള നിയമങ്ങള്‍ എല്ലാം തന്നെ പുരുഷന്മാര്ക്ക് ഉതകുന്നവയാണ്. ബഹുഭാര്യത്വം ഇപ്പോഴും നടമാടിക്കൊണ്ടിരിക്കെ മുത്തലാക്ക് മാത്രം മുസ്ളീം സ്ത്രീകളെ സഹായിക്കില്ലെന്നും ബഹുഭാര്യത്വത്തിന്റെ ഇര കൂടിയായ റിസ്വാന പറയുന്നു. റെയില്‍വേ ജീവനക്കാരിയായ റിസ്വാനയാണ് ബഹുഭാര്യത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ പോലും ഫോണില്‍ കൂടി മൊഴി ചൊല്ലലിന് ഇരകളായ സ്ത്രീകള്‍ക്ക് നീതി കിട്ടിയെന്നും പ്രതികരിച്ചു. മുത്തലാക്ക് ഒട്ടനേകം പേരുടെ ജീവിതം ഹോമിച്ച ഗുരുതരമായ കുറ്റകൃത്യമാണെന്ന് 16 ാം വയസ്സില്‍ വിവാഹം കഴിക്കേണ്ടി വന്ന റസിയയും പറഞ്ഞു.






