
ന്യൂഡൽഹി: ഇ20 പെട്രോളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. എത്തനോൾ കലർത്താത്ത ശുദ്ധ പെട്രോൾ രാജ്യത്ത് ലഭ്യമാക്കാനാവില്ലെന്നും, ഇ20 പെട്രോൾ തന്നെയാണ് മുന്നോട്ടുള്ള മാർഗമെന്നും മന്ത്രാലയം വ്യക്തമാക്കി.
ശുദ്ധ പെട്രോളിനൊപ്പം ഇ10, ഇ20 എന്നീ മൂന്ന് തരത്തിലുള്ള പെട്രോളുകൾ ഒരേസമയം വിതരണം ചെയ്യുന്നത് വലിയ സാങ്കേതികവും ലോജിസ്റ്റിക് വെല്ലുവിളികളും സൃഷ്ടിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നത് ചെലവും ഗണ്യമായി വർധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനാൽ മറ്റ് ചില രാജ്യങ്ങളിലെ പോലെ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ ഇന്ത്യയിൽ ഒരുക്കാനാകില്ലെന്നാണ് വിശദീകരണം.
പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം സമ്മതിക്കുന്നു. എന്നാൽ ഉയർന്ന ഒക്ടേൻ റേറ്റിംഗ്, മികച്ച പിക്കപ്പ്, സുഗമമായ ആക്‌സിലറേഷൻ, എഞ്ചിന്റെ മെച്ചപ്പെട്ട പ്രവർത്തനം എന്നിവ ഇ20 പെട്രോളിന്റെ പ്രധാന നേട്ടങ്ങളാണെന്നും, അവ മൈലേജ് കുറവിനെ മറികടക്കുമെന്നും കേന്ദ്രം അവകാശപ്പെട്ടു.






