
തിരുവനന്തപുരം: അറിയപ്പെടുന്നതു കേരളാ പോലീസിലെ പുലിയെന്നും സിംഹമെന്നുമൊക്കെയാണ്. ഫോട്ടോ കണ്ടാല്‍തന്നെ ഗുണ്ടകളും മാഫിയകളും വിറയ്ക്കുമത്രേ! കള്ളന്മാരെയും െകെക്കൂലിക്കാരെയും കണ്ടാല്‍ത്തന്നെ ഹാലിളകും... ഇതൊക്കെയാണെങ്കിലും സാമൂഹികപ്രതിബദ്ധതയുടെ കാര്യത്തില്‍ അറുപിശുക്കനാണ് ഈ ഐ.പി.എസുകാരന്!
ഓഖി ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ആദ്യസംഭാവന കണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഞെട്ടി-250 രൂപ. 25,000 രൂപയായിരിക്കുമെന്നു കരുതി കൂടെയുള്ള പോലീസുകാര്‍ ജില്ലാ ട്രഷറിയിലെ അപേക്ഷാഫോം പരിശോധിച്ചപ്പോഴാണു നക്കാപ്പിച്ച സംഭാവനയാണ് ഏമാന് നല്‍കിയതെന്ന് അവര്‍ മനസിലാക്കിയത്.
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടുദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരുന്നു. പിന്നീടു സര്‍വീസ് സംഘടനകളുടെ അഭിപ്രായം മാനിച്ച്, രണ്ടുദിവസത്തെ ശമ്പളമോ ജീവനക്കാര്‍ തീരുമാനിക്കുന്ന രീതിയില്‍ നിശ്ചിതദിവസങ്ങളിലെ ശമ്പളമോ എന്നാക്കി മാറ്റി. സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ രണ്ടുദിവസത്തെ വേതനം സംഭാവന ചെയ്യാന്‍ തയാറാണെന്ന് അനുമാനിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരുദിവസത്തെ ശമ്പളം ഓഖി ദുരിതാശ്വാസമായി നല്കി. മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരെല്ലാം ചേര്‍ന്ന് 20 ലക്ഷം രൂപയാണു പിരിച്ചുനല്‍കിയത്.
അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും രണ്ടുദിവസത്തെ ശമ്പളം നല്കി. ഒരുദിവസത്തെ ശമ്പളം നല്‍കിയവരുമുണ്ട്. പോലീസുകാരെല്ലാം 1000 രൂപയില്‍ കുറയാത്ത തുക നല്‍കിയപ്പോഴാണു പ്രതിമാസം രണ്ടുലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഐ.പി.എസ്. ഉന്നതന്റെ സംഭാവന നക്കാപ്പിച്ചയ്ക്കുപോലും നാണക്കേടുണ്ടാക്കിയത്. സംഭവം പോലീസുകാര്‍ക്കിടയില്‍ പാട്ടായതോടെ കക്ഷി സംഭാവന ''ഇരട്ടി''യാക്കി-അപ്പോഴും 500 രൂപ മാത്രം. അതിലപ്പുറം ചില്ലിക്കാശ് തരില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തില്‍ ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ഓഖി ഫണ്ടിലേക്ക് 8000 രൂപയോളമാണു നല്‍കിയത്. ഐ.എ.എസ്. ഉദ്യോഗസ്ഥരും ഇതേ നിലപാടെടുത്തു. ജയില്‍ ഡി.ജി.പി: ആര്. ശ്രീലേഖ 10,000 രൂപ നല്കി. ഓഖി ദുരിതമേഖലയില്‍ ജയില്‍ വകുപ്പ് സൗജന്യമായി ചപ്പാത്തിയും കറിയും ദിവസങ്ങളോളം വിതരണം ചെയ്തു.






