
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയെ സന്ദര്‍ശനത്തിനെത്തിയ വിശ്വാസികളും, പോലീസുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ലത്തീന്‍ സഭ. സമരാഹ്വാനവുമായി നെയ്യാറ്റിന്‍കര അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിച്ചു.
ബോണക്കാട് കുരിശുമലയില്‍ കുരിശ് തകര്‍ത്ത സാമൂഹ്യവിരുദ്ധര്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും, വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സഭ ആവശ്യം ഉയര്‍ത്തി. വര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച കുരിശുമല സന്ദര്‍ശനത്തിനെത്തിയ വിശ്വാസികളെ പോലീസ് തല്ലിച്ചതച്ചത് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണെന്നും സഭ ആരോപിക്കുന്നു.
ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നല്കിയ സര്‍ക്കാര്‍ അത് പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നുമുള്ള വിലയിരുത്തലിലാണ് ഇടയലേഖനം വായിച്ച് പ്രത്യക്ഷ സമരത്തിന് സഭ ആഹ്വാനം ചെയ്യുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സംഘര്‍ഷങ്ങളിലെ ബാഹ്യ ഇടപെടല്‍ അന്വേഷിക്കണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.
ബോണക്കാട് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടക്കും. ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യുന്ന ഉപവാസ സമരത്തിന് നൂറു കണക്കിന് വിശ്വാസികളും പങ്കെടുക്കുഗ. കുരിശുമലയിലേയ്ക്ക് പ്രവേശനം ലഭിക്കും വരെ സമരം തുടരുമെന്നാണ് സഭയുടെ നിലപാട്.






