
ന്യൂഡല്‍ഹി: കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന സുപ്രിം കോടതി ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം തോമസ് ചാണ്ടി പിന്‍വലിച്ചു. ഉന്നയിച്ച ആവശ്യം പിന്‍വലിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടി സുപ്രിം കോടതി രജിസ്ട്രിക്ക് പുതിയ കത്ത് കൈമാറി.
ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് കേസ് പരിഗണിക്കരുത് എന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
നേരത്തെ വിവേക് തന്‍ഖയ്ക്ക് പകരം മറ്റൊരു സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ചാണ്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ഉള്‍പ്പെടുന്ന സുപ്രിം കോടതി ബെഞ്ച് നാളെ കായല്‍ കൈയേറ്റ കേസ് പരിഗണിക്കാനിരിക്കെയാണ് ചാണ്ടിയുടെ പുതിയ കത്ത്.
കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ആയിരുന്നു. എന്നാല്‍ ജസ്റ്റിസ് സാപ്‌റെയ്ക്ക് മുമ്പാകെ തോമസ് ചാണ്ടിയുടെ സീനിയര്‍ അഭിഭാഷകന്‍ വിവേക് തന്‍ഖയ്ക്ക് ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ശശി പ്രഭു സുപ്രിംകോടതി രജിസ്ട്രിക്ക് കത്ത് നല്‍കുകയായിരുന്നു.
ഈ കത്ത് പരിഗണിച്ച രജിസ്ട്രി, തോമസ് ചാണ്ടിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തു. എന്നാല്‍ കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി.






