
തിരുവനന്തപുരം : പാര്‍ട്ടി ഗ്രാമങ്ങളുടെ ഉള്ളറകള്‍ തുറന്നുകാട്ടുന്ന, കണ്ണൂരിലെ കൊലപാതക രാഷട്രീയം ശക്തമായി പ്രതിപാദിക്കുന്ന 'ഈട' എന്ന സിനിമ സിപിഎം-സംഘപരിവാര്‍ നേതാക്കള്‍ ഒന്നിച്ചിരുന്ന് കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. ചങ്കില് തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും.
ഈട എന്ന ബി അജിത്കുമാര്‍ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നും വിഷ്ണുനാഥ് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളിൽ ഒന്ന്. പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിന് പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യയാണ് സംവിധായകന് ചിത്രത്തില്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘ്പരിവാറും സി പി എമ്മുമാണ്.
റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യവിദ്യാര്‍ത്ഥിയാണ് ഈടയുടെ സംവിധായകന്. കാല്പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞുവെക്കുന്നു.






