എ.കെ.ജിയെ ബാലപീഡകനായി ചിത്രീകരിച്ച വി.ടി ബല്‍റാം എം.എല്‍.എയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഭീഷണിയെന്ന് നടന് ഇര്‍ഷാദ്. ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇര്‍ഷാദ് രംഗത്ത് വന്നു.
ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്കിവിടെ അഭിപ്രായ സ്വാതന്ത്ര്യം വേണം. ഒന്നും കണ്ടില്ല കേട്ടില്ല എന്നു പറഞ്ഞ് നില്‍ക്കേണ്ടവരല്ല. എന്റെ വഴി എന്റെ കുട്ടികള്‍, എന്റെ ജീവിതം, എന്റെ സിനിമ എന്ന് വിചാരിക്കുന്നയാളല്ല ഞാന്‍. എനിക്ക് ജീവിക്കണം. അതിനൊപ്പം എന്റെ സമൂഹത്തിന് കെട്ടുറപ്പുണ്ടാകണം. അതാണ് എന്റെ താല്‍പ്പര്യം-ഇര്‍ഷാദ് പറഞ്ഞു.
ഞാനൊരു നടനാണോ എന്നതൊന്നുമല്ല ഇവിടുത്തെ പ്രശ്നം. ആരെക്കുറിച്ചും എന്തും പറയാം എന്നത് ഏത് ചരിത്രത്തേയും വളച്ചൊടിക്കാമെന്നുള്ള തോന്നല്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ഒന്നിനേയും ഭയക്കുന്നില്ല. ഒരു നടന് എന്ന നിലയില്‍ എന്റെ തൊഴില്‍ മേഖല സിനിമയാണ്. ആ രംഗത്ത് ഞാനിങ്ങനെയൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ആരും എന്നെ പുറത്താക്കുകയില്ലെന്ന വിശ്വാസമുണ്ട്. ആ നിലയ്ക്ക് ഞാന്‍ എന്റെ കടമയാണ് ചെയ്തതെന്നും ഇര്‍ഷാദ് പറഞ്ഞു.
ഞാന്‍ ആരെയും ഭയക്കുന്നില്ല. എന്തു ഭീഷണിയും നേരിടാന്‍ ഒരുക്കമാണ്. ഒരു കലാകാരന് എന്ന നിലയില്‍ എന്റെ പ്രതികരണ ജനങ്ങളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഭീഷണി കൊണ്ട് ഒരാളുടേയും വായടിപ്പിക്കാമെന്ന് കരുതേണ്ട. പറയാനുള്ളത് ഇനിയും പറയുമെന്നും ഇര്‍ഷാദ് പറഞ്ഞു.






