
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ഏറെ കൊട്ടി ഘോഷിച്ച് ലോ അക്കാദമി സമരം വന്‍ വിജയമായിരുന്നെന്ന് അവകാശപ്പെടുമ്പോഴും ഒരു വര്‍ഷത്തിനിപ്പുറവും സമരത്തിന്റെ ആവശ്യങ്ങള്‍ ഒന്നും പൂര്‍ത്തീകരിച്ചിട്ടില്ല. മാനസിക പീഡനത്തിനും വിവേചനത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കും മാനേജ്മെന്റിനുമെതിരെ നടത്തിയ സമരത്തെത്തുടര്‍ന്ന് ലക്ഷ്മിയെ മാറ്റിയിരുന്നു പക്ഷേ മറ്റ് ആവശ്യങ്ങളൊന്നും നടന്നിട്ടില്ല. സമരം ഏറ്റെടുത്ത കോണ്‍ഗ്രസും ബിജെപിയും ഭൂമി തിരിച്ചെടുക്കണമെന്ന നിലപാടിലായിരുന്നു. പക്ഷേ ഇതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിച്ച് നേടിയ സര്‍ക്കാര്‍ ഭൂമിയില്‍ സ്വാശ്രയ കോളേജായി ലോ അക്കാദമി തുടങ്ങുകയും പിന്നീട് ഒരു കുടുംബത്തിന്റെ മാത്രമായി മാറുകയും ചെയ്ത പ്രശ്നം സമരത്തിന്റെ പ്രധാന ഘടകമായിരുന്നു. പ്രിന്‍സിപ്പലെ മാറ്റിയതോടെ രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ മറ്റ് ആവശ്യങ്ങളെല്ലാം മറന്നു. 2017 ജനുവരി 11ന് ആരംഭിച്ച സമരം 29 ദിവസം നീണ്ടുനിന്നു.
കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ ഹോട്ടല്‍ നടത്തുന്നു, ബാങ്കിന് വാടകയ്ക്ക് നല്കി തുടങ്ങിയ പ്രശ്നങ്ങളും ഇതിനിടെ ഉയര്‍ന്നു. ഭൂമി കൈയേറ്റമുണ്ടെന്ന ആക്ഷേപവും വന്നു. തുടര്‍ന്ന് ജില്ലാ കളക്ടറും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയും അന്വേഷിച്ചു. ആരോപണങ്ങള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇവര്‍ സമര്‍പ്പിച്ചത്. ലോ കോളേജിന്റെ പ്രവേശനകവാടം തൊട്ടടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം കൈയേറിയതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അതിടിച്ച് കളയുക മാത്രമാണ് റവന്യൂ വകുപ്പ് ചെയ്തത്.
സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നിയമ സെക്രട്ടറിക്ക് നല്കി. ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട് തിരികെ ലഭിച്ചിട്ടില്ല.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഒരേസമയം എം.എ.യും എല്‍.എല്‍.ബി.യും പഠിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി, പ്രിന്‍സിപ്പല്‍ രേഖകളുമായി നേരിട്ടെത്താന്‍ നോട്ടീസ് നല്കി. ആറുമാസമായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
ഡയറക്ടര്‍ നാരായണന് നായരും സഹോദരന് കോലിയക്കോട് കൃഷ്ണന്‍നായരും മറ്റും കാമ്പസില്‍തന്നെ പ്രത്യേക വീടുകള്‍ െവച്ചാണ് താമസം. കൃഷ്ണന് നായരുടെ ഭാര്യ അധ്യാപകര്‍ക്ക് സര്‍വകലാശാല നിശ്ചയിച്ച 65 വയസ്സ് കഴിഞ്ഞിട്ടും അധ്യാപികയായി തുടരുന്നു. ഇക്കാര്യങ്ങളൊക്ക റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയെങ്കിലും തുടര്‍നടപടിയില്ല.






