
സാവോപോളോ: മലയാളികള്‍ ഉള്‍പ്പെടെ ലോകത്തുടനീളം ആരാധകരുള്ള ബ്രസീലിന്റെ ഇതിഹാസ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു. ലോകകപ്പും സ്പാനിഷ് ക്ളബ്ബ് ബാഴ്സിലോണയ്ക്കൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ടു സ്പാനിഷ് കിരീടങ്ങളും നേടിയ റൊണാള്‍ഡീഞ്ഞോ 2004 ലും 2005 ലും ലോകഫുട്ബോളര്‍ പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ ഏജന്റ് കൂടിയായ സഹോദരന് റോബര്‍ട്ടോ അസീസാണ് റോണാ പ്രൊഫഷണല്‍ ഫുട്ബോളില്‍ കളി മതിയാക്കുന്നതായുള്ള വിവരം പുറത്തു വിട്ടത്.
കളത്തിന് പുറത്ത് തന്നെ വന്‍ തിരക്കിലേക്ക് അമര്‍ന്നിരിക്കുന്ന താരം ആഗസ്റ്റ് മുതല്‍ തന്റെ വിടവാങ്ങല്‍ മത്സരം കളിച്ചു തുടങ്ങും. 2015 ല്‍ ചേര്‍ന്ന ഫ്ളുമിനന്‍സ് ക്ളബ്ബിലാണ് താരം ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. കളി മതിയാക്കുന്ന താരം ഇനി ഫുട്ബോള്‍ അംബാസഡര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സംഗീതരംഗത്തെ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വര്‍ക്കുകള്‍ എന്നിവയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. വിടവാങ്ങല്‍ ബ്രസീല്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നടക്കുന്ന മത്സര പരമ്പരകളോടെയായിരിക്കും.
2018 ജൂലൈ 15 ന് അവസാനിക്കുന്ന റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും താരത്തിന്റെ വിടവാങ്ങല്‍ മത്സരങ്ങള്‍. ഇനി തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ തന്നെ പ്രായാധിക്യം ബാധിച്ചു തുടങ്ങിയെന്ന് കഴിഞ്ഞ ജൂലൈയില്‍ തന്നെ റൊണാള്‍ഡീഞ്ഞോ പറഞ്ഞിരുന്നു. നവംബറില്‍ ഒരു ബ്രസീലിയന്‍ ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ഫുട്ബോള്‍ മൈതാനത്ത് നിന്നും മികച്ച നേട്ടവുമായാണ് താരം കളി മതിയാക്കുന്നത്. 2002 ലെ ലോകകപ്പ്, 2006 ല്‍ ബാഴ്സിലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ടു സ്പാനിഷ് കിരീടങ്ങളും നേടിയ താരം 2004 ലും 2005 ലും രണ്ടു തവണ ലോക ഫുട്ബോളര് പുരസ്ക്കാരവും നേടിയിരുന്നു. 1997 നും 2013 നും ഇടയില്‍ ബ്രസീലിനായി 101 മത്സരം കളിച്ച ഈ മിഡ്ഫീല്‍ഡര്‍ 35 ഗോളുകള്‍ അടിച്ചു കൂട്ടി. റൊണാള്‍ഡോ, റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ് എന്നിവര്‍ക്കൊപ്പം കളിച്ച 2002 ലോകകപ്പില്‍ ഇംഗ്ളണ്ടിനെതിരേ പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന് വേണ്ടി താരം നേടിയ കരിയില കിക്ക് ഗോള്‍ ഏറെ പ്രശംസിക്കപ്പെടുന്ന ഗോളുകളില്‍ ഒന്നാണ്.
എന്നാല്‍ തൊട്ടടുത്ത ലോകകപ്പില്‍ ഏറ്റവും ഫേവറിറ്റുകളായി എത്തിയ ബ്രസീല്‍ ഫ്രാന്‍സിനോട് ക്വാര്‍ട്ടറില്‍ തോറ്റു പുറത്താകുകയും ചെയ്തു. ദക്ഷിണ ബ്രസീലില്‍ 1998 ല്‍ ഗ്രെമിയോയ്ക്കൊപ്പം പ്രൊഫഷണല്‍ ഫുട്ബോളിന്റെ ഭാഗമായി തീര്‍ന്ന റൊണാള്‍ഡീഞ്ഞോ 2001 ല്‍ പാരീസ് സെന്റ് ജെര്മെയ്നിലൂടെയാണ് ശ്രദ്ധേയനായ താരമാകുന്നത്. പിന്നീട് ബാഴ്സിലോണയില്‍ എത്തിയ അദ്ദേഹം ടീമിന്റെ മദ്ധ്യനിരയിലെ പ്ളേമേക്കറായി മാറുകയും കാമറൂണ്‍താരം സാമുവല്‍ എറ്റോയ്ക്ക് ഒപ്പം ടീമിനായി വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
എന്നാല്‍ മെസ്സിയുടെ വരവോടെ താരത്തിനെ ബാഴ്സ കൈവിടുകയും റൊണാള്‍ഡീഞ്ഞോ ഇറ്റാലിയന്‍ നിരയായ എസി മിലാനിലേക്ക് പോകുകയും ചെയ്തു. 2011 ല്‍ സീരി എ യില്‍ പക്ഷേ സ്പെയിനിലും ബ്രസീലിയന്‍ ടീമിലും കാട്ടിയ മാജിക് താരത്തിന് തുടരാന്‍ കഴിയാതെ വരികയും താരം പതിയെ ബ്രസീലിലേക്ക് തിരികെ പോകുകയുമായിരുന്നു. ''എന്നും ചിരിക്കുന്ന കാമ്പ് ന്യൂവിലെ മാന്ത്രികാ... എല്ലാറ്റിനും നന്ദി'' വിരമിക്കല്‍ തീരുമാനത്തോടെ ബാഴ്സയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു. ''സാന്‍സീറോയില്‍ എല്ലാ ആരാധകരെയും ത്രസിപ്പിച്ച മനുഷ്യന്'' എന്നായിരുന്നു എ സി മിലാന്റെ പ്രതികരണം. ബ്രസീലിനും ബാഴ്സിലോണയ്ക്കും വന്‍ ആരാധക നിരയുള്ള കേരളത്തിലും റൊണാള്‍ഡീഞ്ഞോയ്ക്ക് ഫാന്‍സുണ്ട്.
നാട്ടില്‍ താരത്തെ നിരയില്‍ എത്തിക്കാന്‍ ആദ്യ ക്ളബ്ബ് ഗ്രെമിയോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും റൊണാള്‍ഡീഞ്ഞോ താരം തെരഞ്ഞെടുത്തത് ഫ്ളെമെംഗോ ആയിരുന്നു. അവിടെ നിന്നും അത്ലറ്റിക്കോ മിനേയ്റോയിലേക്കും കൂടുമാറി. അവരെ 2012 ബ്രസീലിയന്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ താരത്തിനായി. ഒരു വര്‍ഷത്തിന് ശേഷം ലാറ്റിനമേരിക്കയിലെ പ്രധാന കിരീടങ്ങളില്‍ ഒന്നായ കോപ്പാ ലിബര്ട്ടിഡോറസ് കിരീടത്തിലേക്കും അത്ലറ്റിക്കോ ഉയര്‍ന്നു. എന്നിരുന്നാലും 2014 ലോകകപ്പ് ടീമില്‍ എത്താനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സഫലമായില്ല. 2014-15 ല്‍ മഞ്ഞക്കുപ്പായത്തില്‍ എത്തിയെങ്കിലും മെക്സിക്കോയ്ക്കെതിരേയുള്ള മത്സരങ്ങളില്‍ ഉള്‍പ്പെടെ മിക്കതിലും ബഞ്ചിലിരിക്കേണ്ടി വന്നു. അവസാന ഏഴു മത്സരങ്ങള്‍ താരം ഫ്ളുമെനീസിനൊപ്പമാണ് കളിച്ചത്. എന്നാല്‍ മികച്ച ദിനങ്ങള്‍ അവസാനിച്ചിരുന്നു.




