
ബിര്‍മിങാം: പാകിസ്താനെതിരായ വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 64 റണ്ണിന്റെ ജയം. ഗ്രൂപ്പ് വണ്ണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് 17-ാം ഓവറില്‍ 106 റണ്ണിന് ഓള്‍ഔട്ടായി.
നാല് ഓവറില്‍ 10 റണ്‍ മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണു പാകിസ്താനെ തകര്‍ത്തത്. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷഫാലി വര്‍മ ഒരു വിക്കറ്റുമെടുത്തു. 35 പന്തില്‍ 41 റണ്ണെടുത്ത ഓപ്പണര്‍ മുനീബ അലിയാണ് ടോപ് സ്കോറര്‍. ടോസ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ സ്മൃതി മന്ദാന (44 പന്തില്‍ രണ്ട് സിക്സറും ഒന്‍പത് ഫോറുമടക്കം 68), ഹര്മന് (35 പന്തില്‍ 36), റിച്ചാ ഘോഷ് (17 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 34) എന്നിവരുടെ വെടിക്കെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സാദിയ ഇഖ്ബാല്‍ എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഷഫാലി വര്‍മ (അഞ്ച് പന്തില്‍ ഒരു സിക്സറടക്കം ആറ്) പുറത്തായിരുന്നു. ജെമീമ റോഡ്രിഗസിനും (ഒന്ന്) നിലയുറപ്പിക്കാനായില്ല. ജെമീമയെ തസ്മിയ റുബാബ പുറത്താക്കി. ഹര്‍മനും സ്മൃതിയും ചേര്‍ന്നതോടെ ഇന്നിങ്സിനു ജീവനായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 45 പന്തില്‍ 50 കടന്നു. 34 പന്തിലാണു സ്മൃതി അര്‍ധ സെഞ്ചുറി കടന്നത്. സാദിയ ഇഖ്ബാല്‍, നായിക ഫാതിമ സന എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും തസ്മിയ റുബാബ, റമീന്‍ ഷാമിം എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നെതര്‍ലന്‍ഡ്സ് വനിതകള്‍ക്കെതിരേ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിനു ജയിച്ചു. ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡച്ച് വനിതകള്‍ എട്ട് വിക്കറ്റിന് 139 റണ്ണെടുത്തു. ബംഗ്ലാദേശ് കളി തീരാന്‍ അഞ്ച് പന്ത് ശേഷിക്കേ വിജയ റണ്ണെടുത്തു. ഷാര്മിം അക്തേര് (37), ഷോര്‍ണ അക്തേര് (18) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്.






