
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആറു കേസുകളില്‍ മൂന്നാമത്തെ കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് എട്ടിന്റെ പണി. ബുധനാഴ്ച കേസ് പരിഗണിച്ച സിബിഐ കോടതി ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി. 1992-93 കാലത്ത് ചായിബാസ ട്രഷറിയില്‍ നിന്നും 33.67 കോടി രൂപ വഞ്ചന നടത്തി പിന്‍വലിച്ചതായി പ്രത്യേക സിബിഐ കോടതി കണ്ടെത്തുകയായിരുന്നു.
രണ്ടാം കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും ഈ കേസില്‍ ലാലുവിനൊപ്പം പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 7.10 ലക്ഷത്തിന് പകരം വ്യാജ അനുമതിക്കത്ത് ഉപയോഗിച്ച് 33 കോടിയോളം തട്ടിയെടുത്തെന്നായിരുന്നു ആരോപണം. കാലിത്തീറ്റ കുംഭംകോണത്തില് 940 കോടി രൂപയോളം അടിച്ചുമാറ്റിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍ 37.5 കോടി തട്ടിയെടുത്തെന്ന ആറു കേസുകളാണ് ലാലുപ്രസാദ് യാദവിനെതിരേ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് 64 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്്. ലാലുവും ജഗന്നാഥ് മിശ്രയും ഉള്‍പ്പെടെ 56 പേരാണ് പ്രതികള്‍. കുംഭകോണം പുറത്തുവന്ന് 21 വര്‍ഷത്തിന് ശേഷമാണ് കോടതി നടപടികളിലേക്ക് കേസ് എത്തിയത്. വിധി പറഞ്ഞ മൂന്ന് കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2013 സെപ്തംബര്‍ 30 ന് കേസിലെ ആദ്യ വിധി അഞ്ചു വര്‍ഷം തടവും 25 ലക്ഷം പിഴയുമായിരുന്നു ശിക്ഷിച്ചത്. രണ്ടു മാസം ജയിലില്‍ കിടന്ന ശേഷം സുപ്രീംകോടതി പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. കുംഭകോണത്തിലെ രണ്ടാം കേസില്‍ 82.42 ലക്ഷം രൂപ പിന്ലിച്ചെന്ന കേസില്‍ മൂന്നരവര്‍ഷം തടവിനായിരുന്നു ലാലു ശിക്ഷിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് ബിര്‍സമുണ്ട ജയിലിലാണ് ലാലുവും കൂട്ടരും ഇപ്പോള്‍. ഈ കേസില്‍ ലാലുവിന്റെ ജാമ്യാപേക്ഷ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അതേസമയം കേസ് നിതീഷ് സര്‍ക്കാരിന്റെ ഗൂഡാലോചനയാണെന്നാണ് ലാലുവിന്റെ മകന് തേജസ്വീയാദവ് പറഞ്ഞിരിക്കുന്നത്. മൂന്ന് കേസിലും മേല്‍ക്കോടതികളില്‍ അപ്പീലിന് പോകുമെന്നും പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും പ്രത്യേകിച്ച് നിതീഷ്കുമാറിനെയും ജനത്തിന് അറിയാമെന്നും അവര്‍ ലാലുവിനെതിരേയുള്ള ഗൂഡാലോചന തിരിച്ചറിയുമെന്നും തേജസ്വീ പ്രതികരിച്ചു. ഇവര്‍ക്കൊപ്പം കുംഭകോണം നടക്കുമ്പോള്‍ സിംഗ്ഭൂം ജില്ലയിലെ ഡപ്യൂട്ടി കമ്മീഷണറായിരുന്ന ഝാര്‍ഖണ്ടിലെ മുന്‍ ചീഫ് സെക്രട്ടറിയായ സജാല്‍ ചക്രവര്‍ത്തി സിംഗും പ്രതിയാണ്.






